കോഴിക്കോട്: ഗവ. ബീച്ച് ആശുപത്രിയിൽ ചികിത്സക്കെത്തിയ പെൺകുട്ടി പീഡനത്തിനിരയായ സംഭവത്തിൽ പ്രതികരിച്ച് ആരോഗ്യമന്ത്രി വീണ ജോർജ്. സംഭവത്തിൽ കർശന നടപടി സ്വീകരിക്കും. സ്ത്രീകൾക്കെതിരെ അതിക്രമം നടത്തുന്ന ഒരാളും സർവീസിൽ വേണ്ട. വിഷയം വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
സംഭവത്തിൽ ബീച്ച് ആശുപത്രി സൂപ്രണ്ടുമായി സംസാരിച്ചതായും വേണ്ട നടപടികൾ കൈക്കൊണ്ടതായും മന്ത്രി കൂട്ടിച്ചേർത്തു. വ്യാഴാഴ്ച്ചയാണ് സംഭവത്തിൽ ആശുപത്രിയിലെ അധികൃതർക്ക് പരാതി ലഭിച്ചത്. ആശുപത്രിയിലെ ഫിസിയോതെറാപ്പിസ്റ്റിനെതിരെയാണ് പരാതി.
ഒരു മാസമായി പെൺകുട്ടി ഫിസിയോതെറപ്പിയ്ക്കായി എത്തിയിരുന്നു. കഴിഞ്ഞ ബുധനാഴ്ച്ച പെൺകുട്ടി ചികിത്സയ്ക്കായി എത്തിയപ്പോൾ പ്രതി പെൺകുട്ടിയുടെ ശരീരഭാഗങ്ങളിൽ സ്പർശിച്ചുവെന്നും അതിക്രമത്തിന് ശ്രമിച്ചുവെന്നാണ് പരാതി.
Discussion about this post