എറണാകുളം: ഇന്ത്യൻ നാവിക സേനയിൽ നിന്നുള്ള പരിശീലനം പൂർത്തിയാക്കി സൗദി അറേബ്യയുടെ റോയൽ സൗദി നേവൽ ഫോഴ്‌സ്. കിംഗ് ഫഹദ് നേവൽ അക്കാദമിയിലെ 76 അംഗങ്ങളാണ് കൊച്ചിയിൽ നിന്നും പരിശീലനം പൂർത്തിയാക്കിയത്. അഫ്‌ളോട്ട് ട്രെയിനിംഗ് കോഴ്‌സിൽ ആയിരുന്നു പരിശീലനം.
പരിശീലനത്തിനായി കഴിഞ്ഞ മാസം ആയിരുന്നു സംഘം കൊച്ചിയിൽ എത്തിയത്. മൂന്ന് ആഴ്ചയായി രണ്ട് ഘട്ടങ്ങളിൽ ആയിരുന്നു പരിശീലനം. ഹാർബർ ഫേസ്, സീ ഫേസ് എന്നിവയായിരുന്നു അവ. ഹാർബർ ഫേസിൽ നാവിഗേഷണൽ, ഫയർഫൈറ്റിംഗ്, ഡാമേജ് കൺട്രോൾ എന്നിവയെക്കുറിച്ചായിരുന്നു അംഗങ്ങളെ പഠിപ്പിച്ചത്. കപ്പൽ നിയന്ത്രണം, ആശയവിനിമയം, നാവികവിദ്യ എന്നിവയിലായിരുന്നു സീഫേസിൽ ഇവർക്ക് പരിശീലനം നൽകിയത്. ഐഎൻഎസ് തരംഗിണിയിലും വാട്ടർമാൻഷിപ്പ് ട്രെയിനിംഗ് സെന്ററിലും ആയിരുന്നു പരിശീലനം സംഘടിപ്പിച്ചത്.
റോയൽ സൗദി നേവൽ ഫോഴ്‌സിൽ നിന്നുള്ള സംഘത്തോടൊപ്പം പരിശീലനം നേടാൻ ഇന്റഗ്രേറ്റഡ് ഓഫീസേഴ്‌സ് ട്രെയിനിംഗ് കോഴ്‌സ് ചെയ്യുന്ന 107 ഇന്ത്യൻ സംഘവും ഉണ്ടായിരുന്നു. പരിശീലനം പൂർത്തിയാക്കിയ സാഹചര്യത്തിൽ 76 അംഗ സംഘം രാജ്യത്തേക്ക് തിരികെ മടങ്ങും. ഇരു രാജ്യങ്ങളിലെയും നാവിക സേനകൾ തമ്മിലുള്ള സൗഹൃദവും സാംസ്‌കാരിക ബന്ധവും ഊട്ടിഉറപ്പിക്കുന്നതിന് വേണ്ടിയായിരുന്നു സംയുക്ത പരിശീലനം.
സതേൺ നാവിക സേനാ മേധാവി റിയർ അഡ്മിറൽ ഉപൽ കുണ്ഡു റോയൽ സൗദി നേവൽ ഫോഴ്‌സിലെ അംഗങ്ങളുമായി സംവദിച്ചു. ഓരോരുത്തരും തങ്ങൾക്ക് ലഭിച്ച അനുഭവങ്ങളെക്കുറിച്ച് അദ്ദേഹത്തോട് വിവരിച്ചു. പരിശീലകാലയളവിൽ മികച്ച പ്രകടനം കാഴ്ചവച്ചവരെ അദ്ദേഹം പ്രത്യേകം പ്രശംസിച്ചു.
Discussion about this post