ന്യൂയോർക്ക്: ചൊവ്വയിൽ പരലുകൾ ( ക്രിസ്റ്റലുകൾ) കാണപ്പെട്ടതായി അമേരിക്കയുടെ ബഹിരാകാശ ഗവേഷണ കേന്ദ്രമായ നാസയിലെ ശാസ്ത്രജ്ഞർ. ഇതേ തുടർന്ന് ഇതുമായി ബന്ധപ്പെട്ട ഗവേഷണത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്താനാണ് തീരുമാനം. ഇത്രയും കാലത്തിനിടെ ആദ്യമായിട്ടാണ് ഗ്രഹത്തിൽ ക്രിസ്റ്റലുകൾ കാണപ്പെടുന്നത് എന്നും ഗവേഷകർ അഭിപ്രായപ്പെട്ടു.
അനേകം ക്രിസ്റ്റലുകൾ കൊണ്ട് രൂപം കൊണ്ട ചെറിയ പാറക്കെട്ടുകൾ ആണ് ഗവേഷകരുടെ ശ്രദ്ധയിൽപ്പെട്ടിരിക്കുന്നത്. ചൊവ്വയുടെ പഠനവുമായി ബന്ധപ്പെട്ട് ഏറെ നിർണായകമായേക്കാവുന്ന കണ്ടെത്തലാണ് ഇത്. ശുദ്ധമായ സൾഫർ കണങ്ങൾ കൊണ്ടാണ് ഇവ രൂപപ്പെട്ടിരിക്കുന്നത് എന്നാണ് ഗവേഷകരുടെ അനുമാനം.
മെയ് 30 നാണ് റോവറിൽ ക്രിസ്റ്റലുകളുടെ ദൃശ്യങ്ങൾ പതിഞ്ഞത്. മഞ്ഞനിറമാണ് ഇവയ്ക്കുള്ളത്. ചൊവ്വയിൽ സൾഫറിന്റെ അംശങ്ങൾ ഉണ്ടെന്ന വിവരങ്ങൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് സൾഫർ കണങ്ങൾ കൊണ്ടുള്ള ക്രിസ്റ്റലുകൾ ശ്രദ്ധയിൽപ്പെടുന്നത്. കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ ചൊവ്വയിലെ സൾഫറിനാൽ സമ്പന്നമായ മേഖലകൾ കണ്ടെത്താനുള്ള ശ്രമങ്ങളിൽ കൂടിയായിരുന്നു നാസ.
പുതിയ കണ്ടെത്തൽ ചൊവ്വയുടെ പണ്ട് കാലത്തെ ഭൂപ്രകൃതി കൂടി വെളിവാക്കുന്നത് ആണെന്നും ഗവേഷകർ അഭിപ്രായപ്പെടുന്നുണ്ട്. സമുദ്രങ്ങളിൽ കാണപ്പെടുന്ന പവിഴപുറ്റുകൾക്ക് സമാനമായ രീതിയിൽ ആണ് ക്രിസ്റ്റൽ പാറകൾ രൂപ്പെട്ടിരിക്കുന്നത്. ചൊവ്വയിൽ ഒരുകാലത്ത് വെള്ളം ഒഴുകുന്ന അവസ്ഥയുണ്ടായിരുന്നുവെന്നും ഇതിന്റെ ഫലമായി അടിഞ്ഞ സൾഫറാണ് ക്രിസ്റ്റൽ പാറകൾ ആയത് എന്നുമാണ് വിലയിരുത്തൽ.
Discussion about this post