തിരുവനന്തപുരം: മലപ്പുറത്ത് നിപ വൈറസ് സംശയിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജിൻറെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. നിപ പ്രോട്ടോകോൾ പ്രകാരമുള്ള നടപടികൾ രാവിലെ തന്നെ ആരംഭിച്ചിരുന്നു. നിപ നിയന്ത്രണത്തിനായി സർക്കാർ ഉത്തരവ് പ്രകാരം രൂപീകരിച്ച എസ്.ഒ.പി. അനുസരിച്ചുള്ള കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.
മന്ത്രി മലപ്പുറത്തെത്തി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ തീരുമാനിച്ചു. വൈകിട്ട് നാലുമണിക്കാണ് മലപ്പുറത്ത് വീണ്ടും യോഗം ചേരുക. അപ്പോഴേക്കും ഫലം ലഭിക്കുമെന്നാണ് വിവരം. എന്നാൽ ഫലം വരാൻ കാത്തുനിൽക്കാതെ തന്നെ പ്രോട്ടോകോൾ പ്രകാരമുള്ള നടപടികൾ തുടങ്ങിയെന്നും മന്ത്രി അറിയിച്ചു.
ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ, മലപ്പുറം, കോഴിക്കോട് ജില്ലാ കളക്ടർമാർ, ആരോഗ്യ വകുപ്പ് ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, അഡീഷണൽ ഡയറക്ടർ, നിപ ഏകാരോഗ്യ കേന്ദ്രം നോഡൽ ഓഫീസർ, സ്റ്റേറ്റ് മെഡിക്കൽ ബോർഡ് അംഗങ്ങൾ, മലപ്പുറം, കോഴിക്കോട് ഡി.എം.ഒ.മാർ, ഡി.പി.എം.മാർ, ജില്ലാ സർവൈലൻസ് ഓഫീസർമാർ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽമാർ, സൂപ്രണ്ടുമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പതിനാലുകാരനാണ് നിപ വൈറസ് ബാധ സംശയിക്കുന്നത്.
Discussion about this post