ശ്രീനഗർ: ജമ്മു കശ്മീരിൽ നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തി കരസേന മേധാവി ഉപേന്ദ്ര ദ്വിവേദി. മേഖലയിൽ ഭീകരാക്രമണങ്ങൾ വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹം കശ്മീരിൽ എത്തിയത്. ഭീകരവിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ സൈനികർക്ക് അദ്ദേഹം നിർദ്ദേശം നൽകി.
രാവിലെയോടെയായിരുന്നു ഉപേന്ദ്ര ദ്വിവേദി ജമ്മു കശ്മീരിൽ എത്തിയത്. നിലവിലെ സാഹചര്യത്തെക്കുറിച്ച് അദ്ദേഹം ഉന്നത ഉദ്യോഗസ്ഥരിൽ നിന്നും വിവരങ്ങൾ ആരാഞ്ഞു. സിആർപിഎഫ് സേനാംഗങ്ങളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ജമ്മു കശ്മീരിന്റെ അതിർത്തി മേഖലകളും സന്ദർശിച്ചു. ഇവിടുത്തെ സുരക്ഷാ ക്രമീകരണങ്ങളും അദ്ദേഹം വിലയിരുത്തി.
അതേസമയം ഭീകരാക്രമണം വർദ്ധിക്കുന്ന സാഹചര്യത്തിൽ ഭീകര വിരുദ്ധ പ്രവർത്തനങ്ങൾ കടുപ്പിക്കാനാണ് സുരക്ഷാ സേനയുടെ തീരുമാനം. 50 ലധികം മേഖലകളിൽ സുരക്ഷാ സേനയുടെ അധിക സംഘത്തെ വിന്യസിക്കും. മലനിരകൾക്ക് മുകളിലും കൂടുതൽ സൈനികർ എത്തു. അതിർത്തിവഴിയുള്ള നുഴഞ്ഞകയറ്റം തടയാൻ റഡാർ സംവിധാനങ്ങൾ ഉപയോഗിച്ചുള്ള നിരീക്ഷണം ഉൾപ്പെടെ നടത്തുന്നുണ്ട്.
അതിർത്തി കടന്ന് 55 ഓളം ഭീകരർ ജമ്മുവിൽ എത്തിയിട്ടുണ്ടെന്നാണ് രഹസ്യാന്വേഷണ ഏജൻസികൾ നൽകുന്ന വിവരം. ആധുനിക പരിശീലനം നേടിയ ഇവരെ പ്രതിരോധിക്കാൻ എലൈറ്റ് പാര ഫോഴ്‌സിനെ വിന്യസിക്കാനാണ് തീരുമാനം.
Discussion about this post