മലപ്പുറം : സംസഥാനത്ത് വീണ്ടും നിപ മരണം . നിപ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന പതിനാലുകാരൻ മരിച്ചു.രാവിലെ മുതൽ കുട്ടിയുടെ നില ഗുരുതരമായിരുന്നു. വെന്റിലേറ്റർ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. ഒസ്ട്രേലിയയിൽ നിന്ന് മോണോ ക്ലോണൽ ആന്‍റിബോഡി മരുന്ന് ഇന്ന് എത്തിക്കാനിരിക്കെയാണ് മരണം.
ഹൃദയസ്തംഭനമാണ് മരണത്തിലേക്ക് നയിച്ചതെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. നിപ സ്ഥിരീകരിച്ച കുട്ടിക്ക് ഈ മാസം 10 നാണ് പനി ബാധിച്ചത്. പാണ്ടിക്കാട് ചെമ്പ്രശേരി സ്വദേശിയായ 14 വയസ്സുകാരന്റെ സാംപിൾ വിദഗ്ധ പരിശോധനയ്ക്കായി പൂനെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്കയച്ചിരുന്നു. ഈ സാംപിൾ ഫലം പോസിറ്റീവ് ആയതോടെയാണ് ഇന്നലെ നിപ സ്ഥിരീകരിക്കുന്നത്.
സമ്പർക്കത്തിൽ വന്ന 214 പേരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. 14കാരനുമായി സമ്പർക്കമുണ്ടായിരുന്ന പനി ബാധിച്ച മറ്റൊരു കുട്ടിയുടെ സ്രവവും പരിശോധനക്ക് അയച്ചിട്ടുണ്ട്. മഞ്ചേരി മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിലാണ് ഈ കുട്ടിയുള്ളത്.
സംസ്ഥാനത്ത് ഇതുവരെ നിപ ബാധിച്ച് മരിച്ചത് 22 പേരാണ്. അഞ്ചാം തവണയാണ് സംസ്ഥാനത്ത് നിപ സ്ഥിരീകരിക്കുന്നത് .
Discussion about this post