കോഴിക്കോട്: മഴ ഒഴിഞ്ഞതിന്റെ ആശ്വാസത്തിലിരിക്കെ കോഴിക്കോട് മിന്നൽ ചുഴലി. ശക്തമാറ്റ കാറ്റിലും മഴയും അഞ്ച് വീടുകൾ തകർന്നു. രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. നിരവധി മരങ്ങൾ കടപുഴകി വീണു.
കുറുവന്തേരി , വണ്ണാർകണ്ടി,കല്ലമ്മൽ,വരായാൽ മുക്ക്, വാണിമേൽ മഠത്തിൽ സ്‌കൂൾ പരിസരം എന്നിവടങ്ങളിലാണ് മിന്നൽ ചുഴലി ഉണ്ടായത്. പെട്ടെന്ന് ശക്തമായ കാറ്റും മഴയും അനുഭവപ്പെടുകയായിരുന്നു. അഞ്ച് മിനിറ്റിൽ താഴെ മാത്രമാണ് ശക്തമായ കാറ്റ് വീശിയിരുന്നത്. എന്നാൽ അപ്പോഴേയ്ക്കും വലിയ നാശനഷ്ടങ്ങൾ സംഭവിക്കുകയായിരുന്നു.
വീടുകൾ ഭാഗീകമായാണ് തകർന്നത്. വൈദ്യുതി പോസ്റ്റുകളും തകർന്ന് വീണു.
ഓടിട്ട വീടുകളുടെ മേൽക്കൂര പറന്ന് പോയി. പോസ്റ്റുകൾക്ക് മേലെ മരക്കമ്പുകൾ പൊട്ടിവീണതോടെ പലഭാഗങ്ങളിലും വൈദ്യുതി ബന്ധം തകരാറിലായി. പലഭാഗങ്ങളിലും അൽപ്പനേരത്തേയ്ക്ക് ഗതാഗത തടസ്സവും അനുഭവപ്പെട്ടു.
കഴിഞ്ഞ ദിവസം വടകരയിലും മിന്നൽ ചുഴലി ഉണ്ടായിരുന്നു. ശക്തമായ കാറ്റിൽ നിരവധി കെട്ടിടങ്ങൾക്കാണ് ഭാഗീകമായി തകരാർ സംഭവിച്ചത്.
Discussion about this post