എറണാകുളം: സോഷ്യൽ മീഡിയയിൽ വൈറൽ ആയി നടി മഞ്ജുവാര്യരുടെ വീഡിയോ. വളോഗർമാരോട് നടി നടത്തുന്ന പ്രതികരണത്തിന്റെ വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. വീഡിയോയുമായി ബന്ധപ്പെട്ട് സമൂഹമാദ്ധ്യമങ്ങളിൽ ചർച്ച കൊഴുക്കുകയാണ്.
മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാറിന്റെ തനി സ്വരൂപം പുറത്ത് എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ. ഇൻസ്റ്റഗ്രാമിൽ പ്രത്യക്ഷപ്പെട്ട വീഡിയോ നടി റിമ കല്ലിങ്കൽ പങ്കുവച്ചതോടെയാണ് സംഭവം വൈറൽ ആയത്. ഒരു ആഡംബര ഹോട്ടലിൽ നിന്നുള്ള ദൃശ്യങ്ങൾ ആണ് വീഡിയോയിൽ ഉള്ളത്.
വ്‌ളോഗർമാരായ യുവതിയും യുവാവും ക്രിയേറ്റേഴ്‌സ് മീറ്റിന് വന്നിരിക്കുകയാണ് എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. ഇതിനിടെ ഫോണിൽ സംസാരിക്കുന്ന നടിയെ ഇവർ കാണുകയും അടുത്തേയ്ക്ക് ഓടിപ്പോകുകയും ചെയ്യുന്നു. ശേഷം ഫാൻസിനോട് എന്താണ് പറയാനുള്ളത് എന്ന് ഇവർ മഞ്ജുവിനോട് ചോദിക്കുന്നു. എന്നാൽ ഫോണിൽ സംസാരം തുടർന്ന മഞ്ജു ഇവരോട് ചിരിയ്ക്കുകയും സൗമ്യമായി അത്യാവശ്യമായി എയർപോർട്ടിലേക്ക് പോകണം എന്നും പറയുന്നു.
എന്നാൽ ഇവർ അനുവദിക്കാതെ താരത്തോട് സംസാരിക്കാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ബായ് പറഞ്ഞ് മഞ്ജു തിരികെ പോകുന്നു. ഇതിനിടെ വ്‌ളോഗർമാർ നടിയ്‌ക്കെതിരെ പ്രകോപനപരമായ പരാമർശങ്ങൾ നടത്തുകയായിരുന്നു. എന്താ ചേച്ചി ജാഡയാണോ എന്നും നിങ്ങളെ ലേഡി സൂപ്പർ സ്റ്റാർ ആക്കിയത് തങ്ങളാണെന്നും ഇവർ പറയുന്നത് വീഡിയോയിൽ കാണാം. അടുത്ത പടം ഇറങ്ങുമ്പോൾ നിങ്ങളെ കാണിച്ചുതരാമെന്ന് ഇവർ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുണ്ട്.
ഈ സംഭവത്തിന്റെ രണ്ട് വീഡിയോകൾ സംയോജിപ്പിച്ചായിരുന്നു റിമ കല്ലിങ്കൽ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ഒന്ന് വ്‌ളോഗർമാർ പുറത്തുവിട്ടതും, മറ്റേത് മഞ്ജുവാര്യരുടെ ആംഗിളിൽ ഉള്ളതും. രണ്ട് കാഴ്ചപ്പാടുകൾ ഒരു സത്യം എന്ന അടിക്കുറിപ്പോടെയായിരുന്നു നടി ഇത് പങ്കുവച്ചത്.
Discussion about this post