ഷിരൂരിലെ ദുരന്തമുഖത്ത് രക്ഷാപ്രവർത്തനത്തിനായി സംസ്ഥാന പോലീസിനേക്കാൾ കൂടുതൽ ആർജ്ജവം കാണിച്ച വ്യക്തിയെന്ന നിലയിൽ ഇന്ന് വാർത്തകളിൽ നിറഞ്ഞുനിൽക്കുകയാണ് രഞ്ജിത്ത് ഇസ്രയേൽ. എന്നാൽ ആരാണ് ശരിക്കും ഈ രഞ്ജിത്ത് ഇസ്രയേൽ എന്നൊരു ചോദ്യവും മലയാളികൾക്കിടയിൽ ഉയരുന്നുണ്ട്. രാജ്യത്തെ ഓരോ ദുരന്ത ഭൂമികളിലും യാതൊരു പ്രതിഫലവും വാങ്ങാതെ രക്ഷാപ്രവർത്തനത്തിനായി എത്തുന്ന വ്യക്തിയാണ് എന്ന് അദ്ദേഹത്തെ ചുരുങ്ങിയ വാക്കുകളിൽ വിശേഷിപ്പിക്കാം. സൈനികൻ ആവണം എന്ന നടക്കാതെ പോയ ആഗ്രഹമാണ് രഞ്ജിത്തിനെ ഇന്ന് ദുരന്തഭൂമികളിലെ രക്ഷകനായി മാറ്റിയത്.
2018ൽ കേരളത്തിൽ ഉണ്ടായ പ്രളയം, 2019ലെ കവളപ്പാറ ഉരുൾപൊട്ടൽ, 2020ൽ ഇടുക്കി പെട്ടിമുടി ഉരുൾപൊട്ടൽ എന്നീ ദുരന്ത മുഖങ്ങളിൽ എല്ലാം രക്ഷാപ്രവർത്തനത്തിനായി രഞ്ജിത്ത് ഉണ്ടായിരുന്നു. വെറുതെ രക്ഷാപ്രവർത്തനത്തിനായി ഇറങ്ങുന്ന ആളല്ല രഞ്ജിത്ത്. ഗോവ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ജീവൻ രക്ഷാ സാങ്കേതിക വിദ്യകൾ, മലകയറ്റം, വനത്തെ അതിജീവിക്കുന്ന സാങ്കേതിക വിദ്യകൾ എന്നിവയിൽ മികച്ച പരിശീലനം നേടിയിട്ടാണ് രഞ്ജിത്ത് രക്ഷാപ്രവർത്തന ദൗത്യങ്ങൾക്കായി ഇറങ്ങുന്നത്. ദേശീയതലത്തിൽ 2013ൽ ഉത്തരാഖണ്ഡിൽ നടന്ന മേഘ വിസ്ഫോടനം, ഉത്തരാഖണ്ഡിൽ മഞ്ഞുമല ഇടിഞ്ഞുണ്ടായ തപോവൻ ടണൽ ദുരന്തം എന്നിവിടങ്ങളിലും രക്ഷാപ്രവർത്തനങ്ങൾക്കായി രഞ്ജിത്ത് ഇസ്രയേൽ ഉണ്ടായിരുന്നു.
യാതൊരു പ്രതിഫലവും ഇച്ഛിക്കാതെ ദുരന്തഭൂമികളിലേക്ക് നിറഞ്ഞ മനസ്സോടെ ഇറങ്ങി പുറപ്പെടുന്ന ഈ അസാധാരണ മനുഷ്യൻ തിരുവനന്തപുരത്തുകാരുടെ അഭിമാനം തന്നെയാണ്. തിരുവനന്തപുരം ജില്ലയിലെ വിതുര ഗോകില്‍ എസ്‌റ്റേറ്റില്‍ ജോര്‍ജ് ജോസഫ്, ഐവ ജോര്‍ജ് ദമ്പതികളുടെ മകനാണ് രഞ്ജിത്ത് ഇസ്രയേൽ. മൂന്നു തവണ ജൂനിയർ മിസ്റ്റർ തിരുവനന്തപുരം കൂടി ആയിരുന്നു രഞ്ജിത്ത്. ഷിരൂരിലെ ദുരന്ത ഭൂമിയിൽ നിന്നും അർജുനെ കണ്ടെത്താനും രഞ്ജിത്തിന് കഴിയും എന്ന ഉറച്ച പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഇന്ന് കേരള ജനത.
Discussion about this post