ന്യൂഡൽഹി: കാർഗിൽ വിജയ് ദിവസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ലഡാക്കിലെത്തും. കാർഗിൽ യുദ്ധ സ്മാരകം സന്ദർശിക്കും. ജൂലൈ 26 നാണ് കാർഗിൽ യുദ്ധത്തിൽ ഇന്ത്യ വിജയം വരിച്ചതിന്റെ 25ാം വാർഷികം.
പ്രധാനമന്ത്രിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് കർശന സുരക്ഷയാണ് ദ്രാസിൽ ഒരുക്കിയിരിക്കുന്നത്. ലഫ്.ഗവർണർ ബ്രിഗേഡിയർ (റിട്ടയേർഡ്) ബി.ഡി മിശ്ര സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്തി. ബുധനാഴ്ച അദ്ദേഹം ദ്രാസിൽ നേരിട്ട് എത്തി സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്തും. ദ്രാസ് ബ്രിഗേഡ് ഹെലിപാഡിന്റെ സുരക്ഷയുൾപ്പെടെയാണ് അദ്ദേഹം വിലയിരുത്തിയത്. ആഘോഷങ്ങൾ ആരംഭിക്കുന്നതിന് മുൻപായി എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കാൻ അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
25ാം വാർഷികത്തോട് അനുബന്ധിച്ച് വിപുലമായ ആഘോഷപരിപാടികളാണ് ദ്രാസിൽ സംഘടിപ്പിക്കുന്നത്. മറ്റെന്നാൾ മുതൽ ആഘോഷ പരിപാടികൾ ആരംഭിക്കും. 26 ന് രാവിലെയായിരിക്കും പ്രധാനമന്ത്രി ദ്രാസിൽ എത്തുക. അദ്ദേഹത്തെ ഉന്നത സൈനിക ഉദ്യോഗസ്ഥർ ചേർന്ന് സ്വീകരിക്കും.
Discussion about this post