ന്യൂഡൽഹി: വികസനത്തിൽ രാജ്യത്തെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കുന്ന ബജറ്റാണ് ഇന്ന് അവതരിപ്പിക്കപ്പെട്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ധനമന്ത്രി നിർമ്മല സീതാരാമനെയും മുഴുവൻ ടീമിനെയും താൻ അഭിനന്ദിക്കുന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും കരുത്ത് പകരുന്ന ബജറ്റാണിത്. രാജ്യത്തെ പാവപ്പെട്ട ഗ്രാമീണ കർഷകരെ സമൃദ്ധിയുടെ പാതയിൽ കൊണ്ടുപോകുന്ന ബജറ്റാണിത്. കഴിഞ്ഞ പത്ത് വർഷത്തിനിടെ രാജ്യത്തെ 25 കോടി ജനങ്ങൾ ദാരിദ്ര്യത്തിൽ നിന്ന് കരകയറി.
യുവാക്കൾക്ക് എണ്ണമറ്റ പുതിയ അവസരങ്ങൾ നൽകുന്ന ബജറ്റാണിതെന്നും പ്രധാനമന്ത്രി മോദി കൂട്ടിച്ചേർത്തു. ഈ ബജറ്റ് അവരുടെ ശാക്തീകരണത്തിൻറെ തുടർച്ചയ്ക്കുള്ള ബജറ്റാണ്. വിദ്യാഭ്യാസത്തിനും നൈപുണ്യത്തിനും പുതിയ മാനങ്ങൾ നൽകുന്ന ബജറ്റാണിത്. ഇടത്തരക്കാർക്ക് പുതിയ ശക്തി നൽകുന്ന ബജറ്റാണ്, ആദിവാസി സമൂഹത്തെയും ദളിത് പിന്നാക്ക വിഭാഗങ്ങളെയും ശാക്തീകരിക്കുന്നതിനുള്ള ശക്തമായ പദ്ധതികളുമായാണ് ബജറ്റ് അവതരിപ്പിക്കപ്പെട്ടത്.
സ്ത്രീകളുടെ സാമ്പത്തിക പങ്കാളിത്തം ഉറപ്പാക്കാൻ ഈ ബജറ്റ് സഹായിക്കുമെന്നും, ചെറുകിട വ്യാപാരികളുടെയും ചെറുകിട വ്യവസായങ്ങളുടെയും പുരോഗതിക്ക് ഈ ബജറ്റ് പുതിയ പാതയൊരുക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. നിർമാണത്തിനും അടിസ്ഥാന സൗകര്യവികസനത്തിനും ബജറ്റിൽ ഊന്നൽ നൽകിയിട്ടുണ്ട്. സാമ്പത്തിക വികസനത്തിന് ഒരു പുത്തൻ ഉത്തേജനം നൽകുകയും അതിവേഗം നടപ്പിൽ വരുത്തുകയും ചെയ്യും. ചെറുകിട തൊഴിലിനും സ്വയം തൊഴിലിനുമുള്ള അഭൂതപൂർവമായ അവസരങ്ങൾ വർദ്ധിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇതാണ് നമ്മുടെ സർക്കാരിൻറെ ഐഡൻറിറ്റി. ഇന്നത്തെ ബജറ്റ് ഇതിനെ കൂടുതൽ ശക്തിപ്പെടുത്തുന്നു.
പിഎൽഐ പദ്ധതിയുടെ വിജയം രാജ്യവും ലോകവും കണ്ടുവെന്നും ഇപ്പോൾ ഈ ബജറ്റിൽ സർക്കാർ എംപ്ലോയ്‌മെൻറ് ലിങ്ക് ഇൻസെൻറീവ് സ്കീം പ്രഖ്യാപിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. ഇത് രാജ്യത്ത് കോടിക്കണക്കിന് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. ”യുവാക്കളേ, ഇത് ഗ്രാമപ്രദേശങ്ങളിലെ എൻറെ ദരിദ്രരായ ചെറുപ്പക്കാരെ സഹായിക്കും, എൻറെ മക്കളും പെൺമക്കളും രാജ്യത്തെ മുൻനിര കമ്പനികളിൽ ജോലി ചെയ്യും”, പ്രധാനമന്ത്രി പറഞ്ഞു.
അവർക്ക് മുന്നിൽ സാധ്യതകളുടെ പുതിയ വാതിലുകൾ തുറക്കുമെന്നും എല്ലാ നഗരങ്ങളിലും എല്ലാ ഗ്രാമങ്ങളിലും എല്ലാ വീടുകളിലും നമുക്ക് സംരംഭകരെ സൃഷ്ടിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇതിനായി ഗ്യാരണ്ടിയില്ലാത്ത മുദ്ര വായ്പയുടെ പരിധി 10 ലക്ഷത്തിൽ നിന്ന് 20 ലക്ഷമായി ഉയർത്തി. ഇത് ചെറുകിട വ്യവസായികളുടെ, പ്രത്യേകിച്ച് സ്ത്രീകൾ, ദളിതർ, പിന്നാക്ക ആദിവാസി കുടുംബങ്ങൾ എന്നിവരുടെ സ്വയം തൊഴിൽ വർധിപ്പിക്കും.
Discussion about this post