ന്യൂഡൽഹി :വിവേകമുള്ള ആരും കേന്ദ്ര ബജറ്റിനെ വിമർശിക്കില്ല എന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു. നിർമല സീതാരാമൻ അവതരിപ്പിച്ച 2024-25 ലെ കേന്ദ്ര ബജറ്റ് വികസിത ഭാരതത്തിന് ഏറ്റവും ശക്തമായ അടിത്തറയാണ്. സ്ത്രീകൾക്കും പ്രാധാന്യം നൽകുന്ന ബജറ്റാണിതെന്നും എല്ലാ വിഭാഗങ്ങളെയും ഉൾപ്പെടുത്തിയിട്ടുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
2047 ഓടെ ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കി മാറ്റാനുള്ള വ്യക്തമായ കാഴ്ചപ്പാട് ഈ ബജറ്റിൽ കാണാൻ കഴിയുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസിത ഭാരതമെന്ന സ്വപ്നമാണ് കേന്ദ്ര ബജറ്റിൽ പ്രതിഫലിക്കുന്നത്. ഈ ബജറ്റ് ‘ആത്മനിർഭർ’ ഭാരതിന് എക്കാലത്തെയും ശക്തമായ അടിത്തറയിടുന്നതായി തനിക്ക് തോന്നുന്നു എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും കരുത്ത് പകരുന്ന ബജറ്റാണിത്. രാജ്യത്തെ പാവപ്പെട്ട ഗ്രാമീണ കർഷകരെ സമൃദ്ധിയുടെ പാതയിൽ കൊണ്ടുപോകുന്ന ബജറ്റാണിത്. കഴിഞ്ഞ പത്ത് വർഷത്തിനിടെ രാജ്യത്തെ 25 കോടി ജനങ്ങൾ ദാരിദ്ര്യത്തിൽ നിന്ന് കരകയറി എന്ന് കേന്ദ്ര മന്ത്രി പറഞ്ഞു. ബിഹാറിലെ വെള്ളപ്പൊക്കം രാജ്യത്തിന്റെ പ്രശ്‌നമാണ് അതിനാലാണ് പ്രത്യേക സഹായം നൽകിയിരിക്കുന്നത്. ആന്ധ്രാപ്രദേശിന് പ്രത്യേക സഹായം നൽകുന്നതിന് പ്രതിപക്ഷം പ്രശ്‌നം ഉണ്ടാക്കുന്നതെന്തിനാണെന്നും കേന്ദ്രമന്ത്രി ചോദിച്ചു.
യുവാക്കൾക്ക് എണ്ണമറ്റ പുതിയ അവസരങ്ങൾ നൽകുന്ന ബജറ്റാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ ബജറ്റ് അവരുടെ ശാക്തീകരണത്തിൻറെ തുടർച്ചയ്ക്കുള്ളതാണ്. വിദ്യാഭ്യാസത്തിനും നൈപുണ്യത്തിനും പുതിയ മാനങ്ങൾ നൽകുന്ന ബജറ്റാണിത്. ഇടത്തരക്കാർക്ക് പുതിയ ശക്തി നൽകുന്ന ബജറ്റാണ്, ആദിവാസി സമൂഹത്തെയും ദളിത് പിന്നാക്ക വിഭാഗങ്ങളെയും ശാക്തീകരിക്കുന്നതിനുള്ള ശക്തമായ പദ്ധതികളുമായാണ് ബജറ്റ് അവതരിപ്പിക്കപ്പെട്ടത്.
Discussion about this post