കൊച്ചി : സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങളും നീതിനിഷേധങ്ങളും ബുദ്ധിമുട്ടുകളും പഠിക്കാനായി നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നത് സ്റ്റേ ചെയ്ത് ഹൈക്കോടതി ഇന്ന് വൈകീട്ട് 3.30 ന് റിപ്പോർട്ട് പുറത്തുവിടാനിരിക്കെയാണ് കോടതിയുടെ അടിയന്തിര ഇടപെടൽ. ഒരാഴ്ചത്തേക്കാണ് ഹൈക്കോടതി സ്‌റ്റേ ചെയ്തിരിക്കുന്നത്.
റിപ്പോർട്ട് പുറത്തുവിടുന്നത് സ്വകാര്യതയെ ബാധിക്കുമെന്നും തടയണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള ചലച്ചിത്ര നിർമ്മാതാവ് സജിമോൻ പറയിലിന്റെ ഹർജിയിലാണ് ഹൈക്കോടതി നടപടി. പ്രശസ്തിക്ക് വേണ്ടി മാത്രമുളള റിപ്പോർട്ടാണ് ഇത് എന്നാണ് ഹർജിക്കാരന്റെ വാദം. ആളുകളുടെ പേര് പുറത്തുവിട്ടില്ലെങ്കിലും ഇത് പലരിലേക്കും വിരൽ ചൂണ്ടുമെന്നും ഹർജിക്കാരൻ കോടതിയിൽ വ്യക്തമാക്കി.
ജസ്റ്റിസ് ഹേമ തന്നെ റിപ്പോർട്ട് രഹസ്യമായി സൂക്ഷിക്കേണ്ടതാണെന്ന് സർക്കാരിനെ അറിയിച്ചിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ട് ഒരു വിവരശേഖരണം മാത്രമാണ്. മലയാള സിനിമ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചാണ് ഇതിൽ പറയുന്നത്. ഇതിന്റെ തുടർനടപടികളാണ് പ്രധാനം. റിപ്പോർട്ട് പുറത്തുവിടുന്ന ഒരു പൊതുതാത്പര്യവുമില്ല. വിവരാവകാശം വഴി റിപ്പോർട്ട് ആവശ്യപ്പെട്ടവർ ഹേമ കമ്മിറ്റിക്ക് മുന്നിൽ മൊഴി നൽകിയവരല്ല എന്നും ഹർജിക്കാരൻ കോടതിയിൽ പറഞ്ഞു.
എന്നാൽ റിപ്പോർട്ട് ആരുടെയും സ്വകാര്യതയെ ബാധിക്കുന്ന ഒന്നല്ല എന്ന് സർക്കാർ കോടതിയെ അറിയിച്ചു. സ്വകാര്യതയിലേക്കുളള സൂചനകൾ നൽകുന്ന വിവരങ്ങൾ പോലും ഒഴിവാക്കിയിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കി. നീണ്ട വാദത്തിനൊടുവിലാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നത് താത്ക്കാലികമായി സ്‌റ്റേ ചെയ്തത്.
സിനിമാരംഗത്തെ വനിത കൂട്ടായ്മയായ വിമൻ ഇൻ സിനിമ കളക്ടീവ് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങളും തൊഴിൽ സാഹചര്യങ്ങളുമൊക്കെ പഠിക്കാൻ രാജ്യത്ത് ആദ്യമായി രൂപീകരിച്ച കമ്മീഷനാണ് ഹേമ കമ്മിറ്റി. സിനിമാ മേഖലയിൽ വനിതകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ പഠിച്ച് 2019 ഡിസംബർ 31 ന് സമർപ്പിച്ചതാണ് റിപ്പോർട്ട്. വിമൺ ഇൻ സിനിമ കളക്ടീവ് ഉൾപ്പടെ സംഘടനകളും വ്യക്തികളും ആവശ്യപ്പെട്ടിട്ടും റിപ്പോർട്ട് പുറത്തുവിടാൻ സർക്കാർ തയ്യാറായിരുന്നില്ല.
നടി അക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ഉയർന്ന വിഷയങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു സർക്കാർ കമ്മിറ്റിയെ നിയോഗിച്ചത്. ജസ്റ്റിസ്.കെ ഹേമയുടെ നേതൃത്വത്തിലുള്ള മൂന്നംഗസംഘത്തിൽ അഭിനേത്രി ശാരദ മുൻ ഐപിഎസ് ഓഫീസർ കെ ബി വത്സലകുമാരി എന്നിവരായിരുന്നു അംഗങ്ങൾ. 1.65 കോടി രൂപയാണ് ഹേമ കമ്മീഷന്റെ പ്രവർത്തനങ്ങൾക്ക് സർക്കാർ ചെലവഴിച്ചത്.
Discussion about this post