ബീജിംഗ്: ചൈനയിലെ കുപ്പിവെള്ള രാജാവും ഒരിടയ്ക്ക് ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനുമായ സോംഗ് ഷാൻഷാന് 108000 കോടി രൂപ നഷ്ടപ്പെട്ടതായി വിവരം. ഇതോടെ ആഗോള ശതകോടീശ്വരൻമാരുടെ പട്ടികയിൽ 27 ാം സ്ഥാനത്ത് നിന്ന് അദ്ദേഹം നിലംപതിക്കും. ഹാംഗ്ഷൗ ആസ്ഥാനമായുള്ള സോംഗ് ഷാൻഷാന്റെ നോംഗ്ഫു സ്പ്രിംഗ് കമ്പനി നേരിട്ട പ്രതിസന്ധിയാണ് ഈ നഷ്ടത്തിന് കാരണം. തിങ്കളാഴ്ച വരെ 54.8 ബില്യൺ ഡോളർ സമ്പത്ത് അദ്ദേഹത്തിന് ഉണ്ടായിരുന്നു. സോംഗ് ഷാൻഷാന്റെ കുപ്പിവെള്ളം വിപണിയിൽ വൻ പ്രതിസന്ധിയാണ് നേരിട്ടത്. ഫെബ്രുവരി ഒന്ന് മുതൽ ഓഹരി വിലയിൽ 20ശതമാനം കുറഞ്ഞു.
2020 ൽ മുകേഷ് അംബാനിയേക്കാൾ ആസ്തി ഉയർന്നതോടെ സോങ് ഷാൻഷാൻ ഏഷ്യയിലെ ഏറ്റവും വലിയ ധനികനെന്ന സ്ഥാനം നേടിയിരുന്നു. സ്ഥാനം നിലനിർത്താനായി കടുത്ത മത്സരം കാഴ്ചവച്ചെങ്കിലും ഏഷ്യയിലെ ധനികരെന്ന സ്ഥാനം മുകേഷ്, അദാനി വ്യവസായ ഭീമൻമാർ തന്നെ തിരിച്ചുപിടിച്ചു. ആസ്തി വർദ്ധിപ്പിച്ച് സ്ഥാനം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിനിടെയാണ് ശതകോടീശ്വരന് ഈ ഭീമൻ നഷ്ടം വന്നിരിക്കുന്നത്. ഓഹരി വില ഇനിയും ഇടിയുകയാണെങ്കിൽ ഷാൻഷാന്റെ ആസ്തി ഇനിയും കുറഞ്ഞേക്കുമെന്നാണ് വിവരം.
1954 ഒക്ടോബറിൽ ഷെജിയാങ് പ്രവിശ്യയിലെ ഹാങ്ഷൗവിൽ ജനിച്ച സോങ് ഷാൻഷാൻ ഒരു പത്രപ്രവർത്തകനായാണ് തന്റെ കരിയർ ആരംഭിച്ചത്. ഷെൻഷെൻ ഹെപ്പാലിങ്ക് ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ സ്ഥാപകനായാണ് സോംഗ് ആദ്യമായി ബിസിനസിലേക്ക് ഇറങ്ങുന്നത്. പന്നികുടലിൽ നിന്ന് ഉരുത്തിരിച്ചെടുക്കുന്ന ആൻറിഓകോഗുലന്റ് മരുന്നുകളിൽ വൈദഗ്ദ്ധ്യം നേടിയ കമ്പനിയാണിത്. ഈ സംരംഭം അദ്ദേഹത്തിന്റെ ഭാവി വിജയങ്ങൾക്ക് അടിത്തറയിട്ടു. എങ്കിലും അദ്ദേഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ നേട്ടം നോങ്ഫു സ്പ്രിംഗിലൂടെയാണ്. 1996ൽ സ്ഥാപിതമായ നോങ്ഫു സ്പ്രിംഗ്, ഉയർന്ന നിലവാരമുള്ള ഉൽപ്പന്നങ്ങളുടെ വൈവിധ്യമാർന്ന ശ്രേണി വാഗ്ദാനം ചെയ്യുന്ന ചൈനയിലെ പ്രമുഖ പാനീയ കമ്പനികളിലൊന്നായി അതിവേഗം ഉയർന്നുവന്നു. സോങ്ങിന്റെ തീക്ഷ്ണമായ ബിസിനസ്സ് മിടുക്കും നൂതനമായ വിപണന തന്ത്രങ്ങളും നോങ്ഫുവിനെ മുൻനിരയിലേക്ക് ഉയർത്തി . കുപ്പിവെള്ളം, പഴച്ചാറുകൾ, ചായ എന്നിവ ഉൾപ്പെടുത്തി കമ്പനി വിപുലീകരിച്ചു
Discussion about this post