തിരുവനന്തപുരം: ഷിരൂരിൽ കുന്നിടിഞ്ഞ് ഉണ്ടായ അപകടത്തിൽ കാണാതായ അർജുന്റെ കുടുംബത്തിന് നേരെയുണ്ടായ സൈബർ ആക്രമണത്തിൽ കേസെടുത്ത് യുവജന കമ്മീഷൻ. സൈബർ ആക്രമണം നടത്തിയ ഫേസ്ബുക്ക്, യൂട്യൂബ് അക്കൗണ്ടുകൾ കണ്ടെത്തി നടപടി എടുക്കാൻ യുവജന കമ്മീഷൻ നിർദേശം നൽകി. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കോഴിക്കോട്, തിരുവനന്തപുരം ജില്ലാ പോലീസ് മേധാവികൾക്ക് കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ട്.
സംഭവത്തിൽ കോഴിക്കോട് പോലീസ് പ്രഥമിക അന്വേഷണം ആരംഭിച്ചുകഴിഞ്ഞു. വ്യാജ വീഡിയോകൾ പ്രചരിപ്പിച്ച അക്കൗണ്ടുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. രഞ്ജിത്ത് ഇസ്രായേലിനെയതിരായ സൈബർ ആക്രമണത്തിലും കേസ് എടുത്തതായി യുവജന കമ്മീഷൻ അറിയിച്ചു.
അതേസമയം, അർജുനായുള്ള തിരച്ചിലിന്റെ ഭാഗമായി ഇന്ന് ഗംഗാവാലി നദിയിൽ ഡൈവിംഗ് നടത്തില്ലെന്ന് ദൗത്യസംഘം അറിയിച്ചു. കനത്തമഴയെ തുടർന്ന് നദിയിൽ അടിയൊഴുക്ക് ശക്തമായതിനെ തുടർന്നാണ് സംഘം ദൗത്യം നിർത്തി വച്ചത്. അതേസമയം ഐബോഡ് ഉപയോഗിച്ചുള്ള പരിശോധന തുടരുകയാണ്.
ശക്തമായ അടിയൊഴുക്ക് രക്ഷാ പ്രവർത്തനത്തിന് വെല്ലുവിളി സൃഷ്ടിക്കുന്നുവെന്നാണ് നാവിക സേന വ്യക്തമാക്കുന്നത്. ദൗത്യസംഘത്തിലെ അംഗങ്ങളുടെ ജീവന് തന്നെ ദോഷകരമായേക്കാം. അതിനാൽ നദിയിൽ ഇറങ്ങുന്നത് അസാദ്ധ്യം ആണെന്നും നാവിക സേന അറിയിച്ചു.
ഇതിനിടെ ഐബോഡ് ഉപയോഗിച്ചുള്ള പരിശോധനയിൽ നദിയ്ക്കടിയിൽ ഉള്ള ട്രക്ക് അർജുന്റേത് ആണെന്ന് സ്ഥിരീകരിച്ചു. ട്രക്കിന്റെ ക്യാബിൻ കണ്ടെത്താനുള്ള ശ്രമങ്ങൾ ആണ് പുരോഗമിക്കുന്നത്. നദിയിൽ ഇറങ്ങിയ മുങ്ങൽ വിദഗ്ധർ ട്രക്കിന് സമീപം വരെ എത്തിയിരുന്നു. എന്നാൽ അടിയൊഴുക്കും ഇതേ തുടർന്ന് കാഴ്ച തടസ്സപ്പെട്ടതിനാലും തിരികെ മടങ്ങുകയായിരുന്നു. ട്രക്കിന് അടുത്ത് എത്തിയാൽ സ്റ്റീൽ ഹുക്കുകൾ സ്ഥാപിച്ച് ലോറി പൊക്കിയെടുക്കും. നിലവിൽ നാവിക സേനയുടെ 15 മുങ്ങൽ വിദഗ്ധർ ആണ് ഷിരൂരിൽ ഉള്ളത്.
Discussion about this post