ബംഗളൂരു: അർജുനായുള്ള തിരച്ചിൽ 11ാം ദിവസത്തിലേക്ക് കടക്കുമ്പോൾ കനിയാതെ കാലാവസ്ഥ. ശക്തമായ മഴയും ഇതേ തുടർന്നുള്ള നീരൊഴുക്കും രക്ഷാ പ്രവർത്തനങ്ങൾക്ക് കനത്ത വെല്ലുവിളി ഉയർത്തിയിരിക്കുകയാണ്. രാവിലെ മുതൽ നദിയിൽ ടിങ്കി ബോട്ടുകളിൽ നാവിക സേനാംഗങ്ങൾ നിരീക്ഷണം നടത്തുകയാണ്.
നീരൊഴുക്കും സീറോ വിസിബിലിറ്റിയും കാരണം ഇന്നലെ ലോറിയ്ക്ക് അടുത്തേക്ക് എത്താൻ ദൗത്യ സംഘത്തിന് കഴിഞ്ഞിരുന്നില്ല. ഇതേ തുടർന്ന് രക്ഷാ പ്രവർത്തനം നിർത്തിവയ്ക്കുകയായിരുന്നു. കാലാവസ്ഥ അനുകൂലമായാൽ മാത്രമേ ദൗത്യ സംഘം നദിയിലേക്ക് ഇറങ്ങുകയുള്ളൂ.
നദിയിലേക്ക് ഇറങ്ങിയാൽ ലോറിയിൽ ലോഹ കൊളുത്തുകൾ സ്ഥാപിയ്ക്കും. ശേഷം ഇവ ഉയർത്തിയെടുക്കും. ഇതിന് മുന്നോടിയായി അർജുൻ ലോറിയിൽ ഉണ്ടോയെന്ന് പരിശോധിക്കും. നദിയ്ക്കടിയിൽ തലകീഴായിട്ടാണ് ലോറിയുള്ളത്. കരയിൽ നിന്നും 60 മീറ്റർ മാറി 5 മീറ്റർ ആഴത്തിലാണ് ലോറിയുള്ളത്.
അതേസമയം ഇന്നും ജില്ലയിൽ ഓറഞ്ച് അലർട്ടാണ്. ഇടവിട്ട് മഴ ലഭിക്കുന്ന സാഹചര്യമാണ് നിലവിൽ പ്രദേശത്ത് ഉള്ളത്. നദി കലങ്ങി മറിയുകയാണ്. ഈ സാഹചര്യത്തിൽ രക്ഷാദൗത്യം ഇനിയും നീണ്ട് പോകാൻ ആണ് സാദ്ധ്യത.
Discussion about this post