ന്യൂഡൽഹി: മെട്രോയിൽ റീൽ ചിത്രീകരിച്ചവർക്കെതിരെ നടപടിയുമായി ഡൽഹി മെട്രോ റെയിൽ കോർപറേഷൻ. റീൽ ചിത്രീകരിച്ചവരിൽ നിന്നും പിഴ ഈടാക്കും. 1600 പേരാണ് ഡൽഹി മെട്രോയുടെനടപികൾ നേരിടേണ്ടിവരിക.
അടുത്തിടെയായി മെട്രോ തീവണ്ടികൾക്കുള്ളിൽ യാത്രികർ റീലുകൾ ചിത്രീകരിക്കുന്നത് വ്യാപകമായിരുന്നു. ഇത് ശല്യമാകുന്നതായി യാത്രികർ പരാതി ഉന്നയിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി സ്വീകരിക്കാൻ കോർപ്പറേഷൻ തീരുമാനിച്ചത്. ഈ വർഷം ഏപ്രിൽ മുതൽ ജൂൺ മാസം വരെ വീഡിയോ ചിത്രീകരിച്ചവർക്കെതിരെയാണ് നടപടി. പിഴയൊടുക്കാൻ ആവശ്യപ്പെട്ട് ഇവർക്ക് കോർപ്പറേഷൻ നോട്ടീസ് നൽകി. മെട്രോ റെയിൽവേസ് ആക്ടിലെ 59ാം വകുപ്പ് പ്രകാരം ആണ് നടപടി സ്വീകരിച്ചത്.
റീൽ ചിത്രീകരിക്കാനെന്ന പേരിൽ ട്രെയിനിൽ നലിത്തിരിക്കുകയും ഭക്ഷണം കഴിക്കുകയും മറ്റും ചെയ്യുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ടാണ് യാത്രികർ പരാതിപ്പെട്ടത്. ഏപ്രിൽ മാസത്തിൽ 610 പേർക്കും മെയിൽ 518 പേർക്കുമാണ് നോട്ടീസ് നൽകിയത്. ജൂണിൽ വീഡിയോ ചിത്രീകരിച്ച 519 പേർക്കും നോട്ടീസ് നൽകി.
യാത്രികർക്ക് ശല്യമാകുന്ന ഒന്നും മെട്രോയ്ക്കുള്ളിൽ അനുവദിയ്ക്കുന്നില്ലെന്ന് ഡിഎംആർസി എംഡി വികാസ് കുമാർ പറഞ്ഞു. തീവണ്ടിയ്ക്കുള്ളിൽ ശല്യമുണ്ടാക്കുന്നവരിൽ നിന്നും പിഴയീടാക്കാൻ കോർപ്പറേഷന് അധികാരമുണ്ട്. അതുകൊണ്ട് അത് ചെയ്യും. വരും നാളുകളിലും സമാന നടപടികൾ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post