തിരുവനന്തപുരം: ഷിരൂരിൽ മണ്ണിടിഞ്ഞ് കാണാതായ ലോറി ഡ്രൈവർ അർജുന് വേണ്ടിയുള്ള തിരച്ചിൽ പതിനൊന്നാം ദിവസത്തിലെത്തി നിൽക്കുമ്പോൾ, കേരളത്തിൽ നിന്നുള്ള രണ്ട് മന്ത്രിമാർ അപകടസ്ഥലത്തെത്തി. മന്ത്രി പിഎ മുഹമ്മദ് റിയാസും എകെ ശശീന്ദ്രനുമാണ് ഷിരൂരിലെത്തിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരമാണ് മന്ത്രിമാർ ഷിരൂരിലെത്തിയത്.
ഇരുവരും ഇന്ന് ഷിരൂരിൽ ക്യാമ്പ് ചെയ്യും. തിരച്ചിലിന് സാധ്യമായതെല്ലാം ചെയ്യുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. അർജുനെ കണ്ടെത്തുന്നത് വരെ തിരച്ചിൽ നടത്താൻ സമ്മർദ്ദം ചെലുത്തും. നദിയിൽ ഇറങ്ങി തിരച്ചിൽ നടത്തുന്നതിന് നാവിക സേനയുടെ മുങ്ങൽ വിദഗ്ധർ പ്രതിസന്ധികൾ നേരിടുന്നുണ്ട്. എങ്കിലും ഒരു തരത്തിലും പിന്നോട്ട് പോകരുതെന്നാണ് സർക്കാരിന്റെ നിലപാട്. ദൗത്യസംഘവുമായി കേരളത്തിൽ നിന്നുള്ള ജനപ്രതിനിധികൾ കൂടിക്കാഴ്ച്ച നടത്തും. ദൗത്യ സംഘത്തിന്റെ നിലപാടും യോഗത്തില ചർച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, അർജുനെ കണ്ടെത്താനുള്ള ശ്രമം പതിനൊന്നാം ദിവസവും അനിശ്ചിതത്വത്തിലാണ്. ലോറി എവിടെയാണെന്ന് കണ്ടെത്താൻ സഹായിക്കുന്ന മറ്റൊരു സിഗ്നൽ കൂടി ലഭിച്ചെങ്കിലും കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുങ്ങൽ വിദഗ്ദർക്ക് ഇപ്പോഴും പുഴയിൽ ഇറങ്ങാൻ കഴിഞ്ഞിട്ടില്ല. ഗംഗാവാലി നദിയുടെ മദ്ധ്യഭാഗത്തായുളള മൻകൂനയിൽ നിന്നാണ് പുതിയ സിഗ്‌നൽ. നദിയ്ക്ക് കുറുകെ പരിശോധന നടത്തുന്ന ഐ ബോർഡ് ഡ്രോണിനാന് സിഗ്‌നൽ ലഭിച്ചത്. മണ്ണിടിച്ചിൽ ഉണ്ടായതിന് ശേഷമാണ് നദിയുടെ മദ്ധ്യഭാഗത്തായി മൻകൂന രൂപപ്പെട്ടത്. ഇവിടെ നിന്നും ലഭിച്ച സിഗ്‌നൽ എന്തിന്റേതാണെന്ന് വ്യക്തമല്ല. അർജുന്റെ ട്രക്കിനൊപ്പം മറ്റ് വാഹനങ്ങളും മണ്ണിടിച്ചിലിൽ അകപ്പെട്ടിരുന്നു. അതിലേതെങ്കിലും വാഹനത്തിന്റെ ഭാഗമാകാം എന്നാണ് സംശയിക്കുന്നത്. മണ്ണിടിച്ചിലിൽ തകർന്ന മൊബൈൽ ടവറിന്റെ ഭാഗമാകാനും സാദ്ധ്യതയുണ്ട്. സിഗ്‌നൽ ലഭിച്ച സ്ഥലത്ത് നിരീക്ഷണം തുടരുകയാണ്.
ദൗത്യസംഘം നദിയിൽ തന്നെ തുടരുകയാണ്. ശക്തമായ അടിയൊഴുക്കിനെ തുടർന്ന് ഇവർക്ക് ഇതുവരെ നദിയ്ക്കുള്ളിലേക്ക് ഇറങ്ങാൻ കഴിഞ്ഞിട്ടില്ല. അടിയൊഴുക്ക് ശക്തമായി തന്നെ തുടരുന്ന സാഹചര്യത്തിലാണ് ഇറങ്ങാൻ കഴിയാതിരിക്കുന്നത്. അർജുന്റെ ലോറി ലോഹ കൊളുത്തുകൾ ഘടിപ്പിച്ച് പുറത്തെത്തിക്കാനാണ് ശ്രമം.
Discussion about this post