എറണാകുളം: പണം ആവശ്യമാകുന്ന ഘട്ടങ്ങളിൽ വായ്പ എന്ന സാദ്ധ്യതയാണ് നമുക്ക് മുൻപിലുള്ളത്. വളരെ പെട്ടെന്ന് പണം ലഭിക്കുന്നതിന് വേണ്ടിയാണ് നാം വായ്പകളെ ആശ്രയിക്കുന്നത്. പണ്ട് ബാങ്കുകളെയും മറ്റ് ധനകാര്യ സ്ഥാപനങ്ങളെയുമാണ് ആശ്രയിച്ചുന്നത് എങ്കിൽ ഇന്ന് ലോൺ ആപ്പുകൾ ആ സ്ഥാനം കയ്യടക്കിയിരിക്കുന്നു.
ചുരുങ്ങിയ കാലം കൊണ്ടായിരുന്നു ലോൺ ആപ്പുകൾക്ക് ആളുകൾക്കിടയിൽ പ്രിയമേറിയത്. ഒറ്റക്ലിക്കിൽ ആവശ്യമുള്ള പണം ലഭിക്കുന്നു എന്നതാണ് ഇതിന് കാരണം ആയത്. എന്നാൽ ഇവയ്ക്കിടയിലേക്ക് വ്യാജന്മാർ കയറി വന്നതോടെ സ്ഥിതി മാറി. സാമ്പത്തിക തട്ടിപ്പുകൾ വർദ്ധിച്ചു. വ്യാജ ലോൺ ആപ്പുകളുടെ നീരാളി പിടിത്തത്തിൽപ്പെട്ട് ജീവൻ നഷ്ടമായവരും ഏറെയാണ്. ഈ സാഹചര്യത്തിൽ തട്ടിപ്പുകാരെ തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്.
പണത്തിനായി ആവശ്യപ്പെടുന്നതിന് മുൻപ് ആപ്പിനെക്കുറിച്ച് വിശദമായി അന്വേഷിക്കേണ്ടത് ആവശ്യമാണ്. റിസർവ്വ് ബാങ്കിന്റെ അംഗീകാരം ഉണ്ടെങ്കിൽ മാത്രമേ ഇത്തരം ആപ്പുകളിൽ നിന്നും പണം കൈപ്പറ്റാൻ പാടുകയുള്ളൂ. പണം ലഭിക്കണമെങ്കിൽ യഥാർത്ഥ ആപ്പുകൾ ആണ് എങ്കിൽ അവർ നമ്മളോട് നിരവധി രേഖകൾ ആവശ്യപ്പെടും. ബാങ്കുകളുടേതിന് സമാനമായിട്ടായിരിക്കും ഇവയുടെ പ്രവർത്തനം. എന്നാൽ വ്യാജന്മാർക്ക് കുറച്ച് രേഖകൾ മാത്രമായിരിക്കും നമ്മളോട് ആവശ്യപ്പെടുക.
പണം എടുക്കുന്നതിന് മുൻപ് അവരുട വായ്പാ കരാറുകൾ വിശദമായി പരിശോധിക്കുക. എല്ലാ നിബന്ധനകളും കൃത്യമായി വായിക്കുകയും ഇതിൽ വായ്പ നൽകുന്നവരിൽ നിന്നും ഉറപ്പ് വാങ്ങുകയും ചെയ്യുക. എന്തെങ്കിലും ആശയക്കുഴപ്പങ്ങൾ ഉണ്ടായാൽ അപ്പോൾ തന്നെ അത് പരിഹരിക്കുകയും വേണം.
അംഗീകൃത ലോൺ ആപ്പുകളിൽ നിന്നും വായ്പയെടുക്കുമ്പോൾ ഫീസ് ചോദിക്കുകയില്ല. പ്രൊസസിംഗ് ഫീസ് കുറയ്ക്കുകയാണ് ഇവർ ചെയ്യുക. മുൻകൂർ ആയി ഫീസ് ചോദിക്കുന്നുണ്ട് എങ്കിൽ അത് വ്യജമാണെന്ന് തിരിച്ചറിയുക. കരാറിൽ ഒപ്പ് വയ്ക്കാൻ നിർബന്ധിക്കുന്നവരെ സൂക്ഷിക്കുക. തട്ടിപ്പുകാരാണ് ഇത്തരത്തിൽ തീരുമാനം എടുക്കാൻ സമയം നൽകാതെ നിർബന്ധിയ്ക്കുക. അബദ്ധത്തിൽ ഇവർക്ക് തല വച്ച് കൊടുത്താൽ വലിയ നഷ്ടമാകും നമുക്ക് ഉണ്ടാകുക.
Discussion about this post