ഇസ്ലാമാബാദ് : വെള്ളിയാഴ്ച കാർഗിൽ വിജയ് ദിവസ് പ്രമാണിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസ്താവനകൾ പാകിസ്താൻ സൈന്യത്തിൽ കടുത്ത പരിഭ്രാന്തി സൃഷ്ടിച്ചിരിക്കുന്നതായി റിപ്പോർട്ട്. പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക് ശേഷം ഇന്ത്യ-പാക് അതിർത്തിയിൽ പാകിസ്താൻ കൂടുതൽ സൈനികരെ വിന്യസിച്ചിട്ടുണ്ട്. ‘ഭീകരവാദത്തിൻ്റെ രക്ഷാധികാരികൾക്ക്’ എന്ന് വിശേഷിപ്പിച്ചു കൊണ്ടായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പാകിസ്താന് കടുത്ത മുന്നറിയിപ്പ് നൽകിയിരുന്നത്.
പാകിസ്താൻ സൈന്യത്തിന്റെ രണ്ട് ബ്രിഗേഡുകളിൽ ആണ് മോദിയുടെ പ്രസ്താവനയ്ക്ക് ശേഷം കൂടുതൽ സൈനികരെ വിന്യസിച്ചിട്ടുള്ളത്. 3 POK ബ്രിഗേഡും 2 POK ബ്രിഗേഡും അതിൻ്റെ X കോർപ്സിൻ്റെ 23-ാമത്തെ ഇൻഫൻട്രി ഡിവിഷനിൽ ഉണ്ടായിരുന്നതിൽ കൂടുതൽ സൈനികരെ വിന്യസിച്ചത് ആണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൂടാതെ പാക് സൈനിക മേധാവി പാക് അധീന കശ്മീരിലെ എല്ലാ മുതിർന്ന ഉദ്യോഗസ്ഥരുമായും വീഡിയോ കോൺഫറൻസിങ് വഴി ആശയവിനിമയം നടത്തിയതായും പാക് മാദ്ധ്യമങ്ങളും ഇന്ത്യൻ ദേശീയ മാദ്ധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
1999ലെ യുദ്ധത്തിൽ പാകിസ്താനെതിരെ ഇന്ത്യ നേടിയ വിജയത്തിൻ്റെ 25-ാം വാർഷികത്തോടനുബന്ധിച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പാകിസ്താനെതിരെ രൂക്ഷമായി പ്രതികരിച്ചത്. വെള്ളിയാഴ്ച ദ്രാസ് യുദ്ധസ്മാരകത്തിൽ കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്ന വേളയിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. പാകിസ്താന് ഇന്ത്യ ശക്തമായ ഒരു സമ്മാനം നൽകുന്നുണ്ടെന്നും അത് കൃത്യമായ മറുപടി ആയിരിക്കുമെന്നും മോദി വ്യക്തമാക്കി. ഭീകരതയുടെ യജമാനന്മാർക്ക് എൻ്റെ ശബ്ദം നേരിട്ട് കേൾക്കാൻ കഴിയുന്ന ഒരു സ്ഥലത്തു നിന്നാണ് താനിത് പറയുന്നത് എന്നും മോദി തന്റെ പ്രസംഗത്തിൽ വ്യക്തമാക്കിയിരുന്നു.
Discussion about this post