ന്യൂഡൽഹി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്ത മാസം യുക്രൈയ്നിൽ സന്ദർശനം നടത്തും. ഓഗസ്റ്റ് 23 നാണ് സന്ദർശനം തീരുമാനിച്ചിരിക്കുന്നത്. പ്രസിഡൻ്റ് വ്ളോഡിമർ സെലെൻസ്‌കിയുമായി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തും. റഷ്യയുമായുള്ള യുദ്ധത്തിന് ശേഷം പ്രധാനമന്ത്രിയുടെ ആദ്യ യുക്രെയ്ൻ സന്ദർശനമാണിത്. പ്രധാനമന്ത്രി മോദി റഷ്യ സന്ദർശിച്ച് പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തിയതിന് ദിവസങ്ങൾക്ക് ശേഷമാണ് സന്ദർശനം. മോദിയും റഷ്യൻ പ്രസിഡന്റ് വ്ലാദമിർ പുടിനും തമ്മിലുള്ള കൂടിക്കാഴ്ചയെ രൂക്ഷമായി സെലൻസ്കി വിമർശിച്ചിരുന്നു. മോദിയുടെ സന്ദർശനം ഏറെ നിരാശയുണ്ടാക്കിയെന്നും സമാധാനശ്രമങ്ങൾക്ക് കനത്ത തിരിച്ചടിയാണെന്നുമായിരുന്നു സെലൻസ്കിയുടെ പ്രതികരണം.
ഇതാദ്യമായാണ് മോദി യുക്രെയ്നിലെത്തുന്നത്. ഇറ്റലിയിൽ നടന്ന ജി7 യോഗത്തിനിടെ സെലൻസ്കിയും മോദിയും കൂടിക്കാഴ്ച നടത്തിയിരുന്നു.നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി അധികാരമേറ്റെടുത്തപ്പോൾ അഭിനന്ദനവുമായി സെലൻസ്കി രംഗത്തെത്തിയിരുന്നു.
അതേസമയം മാസം ആദ്യം പ്രധാനമന്ത്രി റഷ്യയിൽ സന്ദർശനം നടത്തുന്നതിനിടെ ആണവോർജം, കപ്പൽ നിർമാണം തുടങ്ങി വിവിധ മേഖലകളിൽ സഹകരണം വർധിപ്പിക്കാൻ ഇരു രാജ്യങ്ങളും ധാരണയിലെത്തിയിരുന്നു. റഷ്യയും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം പ്രോത്സാഹിപ്പിക്കുന്നതിൽ അസാധാരണമായ സേവനങ്ങൾക്ക് റഷ്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഓർഡർ ഓഫ് സെൻ്റ് ആൻഡ്രൂ ദി അപ്പോസ്‌റ്റിൽ പുരസ്‌കാരവും പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ചിരുന്നു.
Discussion about this post