ബംഗളൂരു: അടിയൊഴുക്ക് ശക്തമായതിനാൽ ഗംഗാവാലി പുഴയിൽ ഇറങ്ങാൻ ഇപ്പോൾ സാദ്ധ്യമല്ലെന്ന് ദൗത്യ സംഘം. ആറ് നോട്ട് വേഗത്തിലാണ് നദിയുടെ ഒഴുക്ക്. റോപ്പ് കെട്ടി താഴെയിറങ്ങി നദിയുടെ അടിത്തട്ടിൽ പരിശോധന നടത്താനാണ് പദ്ധതിയിടുന്നത് എന്നും ദൗത്യ സംഘം അറിയിച്ചു.
ജെമിനി ബോട്ടുകളിലാണ് ദൗത്യ സംഘം നദിയിൽ ഇറങ്ങുക. ശേഷം സിഗ്നൽ കിട്ടിയ ഭാഗത്ത് 100 കിലോ ഭാരമുള്ള ഹാങ്കർ സ്ഥാപിക്കും. ഇതിട്ട് ബോട്ട് ഉറപ്പിച്ച ശേഷമാകും റോപ്പ് ഇടുക. ഇതുവഴിയാണ് നാവിക സേനയുടെ മുങ്ങൽ വിദഗ്ധർ നദിയുടെ അടിത്തട്ടിലേക്ക് ഇറങ്ങുക. എന്നാൽ നദിയുടെ അടിയിലേക്ക് ഇറങ്ങാൻ കഴിയുമോ എന്ന് ഇതിന് മുന്നോടിയായി പരിശോധിക്കും. ഇതിന് ശേഷമായിരിക്കും ഇറങ്ങുക.
അതേസമയം രക്ഷാ പ്രവർത്തനങ്ങൾക്കായി കർണാടകയിൽ നിന്നുള്ള ഡൈവിംഗ് സംഘവും സ്ഥലത്ത് എത്തിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികളുടെ സംഘമാണ് ഇവർ. ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടത് പ്രകാരം ആണ് സംഘം രക്ഷാ പ്രവർത്തനങ്ങൾക്കായി എത്തിയത്.
Discussion about this post