തിരുവനന്തപുരം: തിയറ്ററുകളിൽ നിന്നും സിനിമയുടെ ദൃശ്യങ്ങൾ പകർത്തി വ്യാജപതിപ്പ് ഇറക്കുന്ന സംഘം പിടിയിൽ. തമിഴ്‌നാട്ടിലെ മധുരയിൽ നിന്നുള്ള സ്റ്റീഫനും സംഘമാണ് പിടിയിലായത്. തിരുവനന്തപുരം ഏരീസ് മൾട്ടിപ്ലക്‌സ് തിയറ്ററിൽ മൊബൈലിൽ സിനിമ ചിത്രീകരിക്കുന്നതിനിടെ ആയിരുന്നു സംഘം പിടിയിലായത്.
തമിഴ് ചിത്രമായ രായൻ ആയിരുന്നു ഇവർ മൊബൈലിൽ ചിത്രീകരിച്ചിരുന്നത്. ചിത്രീകരണത്തിനിടെ ക്യാമറവച്ച് ദൃശ്യങ്ങൾ പകർത്തുന്ന തിയറ്റർ ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഇവർ വിവരം അറിയിച്ചതിനെ തുടർന്ന് തിയറ്റർ മാനേജർ സ്ഥലത്ത് എത്തി. തുടർന്ന് പിടികൂടി പോലീസിനെ ഏൽപ്പിക്കുകയായിരുന്നു.
പൃഥ്വിരാജ് നായകനായ ഗുരുവായൂർ അമ്പലനടയിൽ എന്ന ചിത്രവും ഇതേ സംഘമാണ് ഷൂട്ട് ചെയ്ത് വ്യാജ പതിപ്പ് ഇറക്കിയത്. ഇതുമായി ബന്ധപ്പെട്ട് പടത്തിന്റെ നിർമ്മാതാവ് സുപ്രിയ മേനോൻ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ ആണ് സംഘം വീണ്ടും സിനിമ ചിത്രീകരിക്കാൻ എത്തിയത്.
ഇതേ തിയറ്ററിൽ ഇതേ സ്ഥാനത്ത് ഇരുന്നുകൊണ്ടായിരുന്നു കഴിഞ്ഞ തവണയും ഇവർ സിനിമ ചിത്രീകരിച്ചത്. ഇതേ തുടർന്ന് ഈ സീറ്റിംഗ് പൊസിഷനിൽ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു. ഇതിനിടെയാണ് വീണ്ടും ഇതേ സീറ്റുകൾ സംഘങ്ങൾ ബുക്ക് ചെയ്തത്. ക്യാമറ ട്രൈപോഡിൽ സെറ്റ് ചെയ്തുകൊണ്ടായിരുന്നു ചിത്രീകരണം. മുക്കാൽ മണിക്കൂർ പിന്നിട്ട ശേഷം ആയിരുന്നു സംഘത്തെ പിടികൂടിയത്.
Discussion about this post