പാരീസ് : വിശ്വകായിക മാമാങ്കത്തിന് നാലു വർഷത്തെ കാത്തിരിപ്പിന് ശേഷം പാരീസിൽ തിരിതെളിയുമ്പോൾ ഭാരതത്തിന്റെ അഭിമാനം വാനോളം ഉയരുകയാണ്. ലോകം ഇതുവരെ കാണാത്ത വിധത്തിലുള്ള ഒളിമ്പിക്‌സ് ഉദ്ഘാടന ചടങ്ങുകളാണ് നടന്നത്. ഭാരതത്തിന്റെ ഔദ്യോഗിക ഭാഷകളിൽ ഒന്നായ ഹിന്ദിയും പാരിസ് ഒളിമ്പിക്സിലൂടെ ലോകശ്രദ്ധയാകർഷിച്ചിരിക്കുകയാണ്.
ഫ്രഞ്ച്, ഇംഗ്ലീഷ്, ചൈനീസ്, അറബിക്, സ്പാനിഷ്, എന്നീ ഭാഷകൾക്കൊപ്പമാണ് ഹിന്ദി പ്രദർശിപ്പിച്ചത്. ലിംഗ സമത്വം ഉയർത്തിക്കാണിച്ച ചടങ്ങിൽ ഫ്രാൻസിലെ ചരിത്ര വനിതകളുടെ പ്രതിമകളും പ്രദർശിപ്പിച്ചിരുന്നു. ഇവരുടെ ജീവചരിത്രങ്ങൾ ഫ്രഞ്ച്, ഇംഗ്ലീഷ്, ചൈനീസ്, അറബിക്, സ്പാനിഷ്, എന്നീ ഭാഷകൾക്കൊപ്പം ഹിന്ദിയിലും വിവരിച്ചിരുന്നു. ഇത് സമൂഹമാദ്ധ്യമങ്ങളിലുൾപ്പെടെ വൈറലായിക്കഴിഞ്ഞു. പാരിസ് ഒളിമ്പിക്സിൽ പ്രദർശിപ്പിച്ച ഇന്ത്യയുടെ ഔദ്യോഗിക ഭാഷകളിൽ ഒന്നായ ഹിന്ദി ഇതോടെ അന്താരാഷട്രതലത്തിൽ അംഗീകരിക്കപ്പെട്ടിരിക്കുകയാണ്.
ഇതുമായി ബന്ധപ്പെട്ട് നിരവധി പോസ്റ്റുകളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ നിറയുന്നത്. ഇന്ത്യക്കാരൻ ആയതിനാൽ അഭിമാനിക്കുന്നു എന്ന് പാരീസിലെ ഇന്ത്യൻപൗരന്മാർ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിൽ കുറിച്ചു.
വിവിധ മേഖലകളിൽ തന്റേതായ മുദ്ര പതിപ്പിക്കുകയും ഭാവി തലമുറയ്ക്ക് പ്രചോദനം നൽകുകയും ചെയ്ത ഗിസെലെ ഹലിമി (1927-2020), ക്രിസ്റ്റീൻ ഡി പിസ (1364-1431), ആലീസ് ഗൈ (1873-1968) ഉൾപ്പെടെയുള്ള സ്ത്രീകളുടെ പ്രതിമകളാണ് ഒളിമ്പിക്‌സ് ഉദ്ഘാടന ചടങ്ങിൽ അവതരിപ്പിച്ചത്.
അതേസമയം ഒളിമ്പിക് ഗെയിംസ് ചരിത്രത്തിൽ സ്ത്രീകൾക്ക് പ്രാധാന്യം നൽകുന്ന സുവർണ്ണ നിമിഷമാണ് ഇത് എന്ന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാച്ച് പറഞ്ഞു. പാരീസ് 2024 ഒളിമ്പിക്സ് അത്ലറ്റുകളുടെ കഴിവും മികവും അംഗീകരിക്കുന്നതോടൊപ്പം ലിംഗസമത്വത്തിന് വേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്നു. പാരീസ് ഒളിമ്പിക്‌സ് ഐക്യത്തിന്റെയും നാനാത്വത്തിന്റെയും സമത്വത്തിന്റെയും ആഘോഷമായി മാറിയിരിക്കുകയാണ്. ഹിന്ദി ഭാഷാ പ്രദർശനവും ലിംഗസമത്വത്തിന് ഊന്നൽ നൽകുന്നതും എല്ലാം പാരിസ് ഗെയിംസിന്റെ പുരോഗമന കാഴ്ചപ്പാടിനെ ഉയർത്തിക്കാട്ടുന്നു. ഇത് ഒരു സുപ്രധാന ചുവടുവെയ്പ്പാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Discussion about this post