ബംഗളൂരു: കോഴിക്കോട് സ്വദേശിയായ അർജുന്റെ ട്രക്ക് കണ്ടെത്താൻ ഗംഗാവലി പുഴയിലേക്ക് ഇറങ്ങിയ ദൗത്യ സംഘത്തിലെ പ്രധാനി ഈശ്വർ മൽപ്പെയുടെ വടം പൊട്ടി. മീറ്ററുകളോളം ഒഴുകി പോയ അദ്ദേഹത്തെ കൂട്ടാളികൾ ചേർന്ന് രക്ഷപ്പെടുത്തി. ഉച്ചയോടെയാണ് ഈശ്വർ മൽപ്പ പുഴയിൽ ഇറങ്ങിയത്.
ആദ്യ രണ്ട് തവണ അദ്ദേഹം പുഴയ്ക്കടിയിലേക്ക് പോയി പരിശോധിച്ചു. എന്നാൽ ഒന്നും കാണാൻ സാധിക്കാത്തതിനെ തുടർന്ന് തിരികെ കയറുകയായിരുന്നു. മൂന്നാമത്തെ തവണ ഇറങ്ങിയപ്പോഴാണ് ശരീരത്തെ ബോട്ടുമായി ബന്ധിപ്പിച്ച വടം പൊട്ടിപ്പോയത്. നിലവിൽ പുഴയിൽ ശക്തമായ അടിയൊഴുക്കാണ് അനുഭവപ്പെടുന്നത്. ഇതാണ് വടം പൊട്ടാൻ കാരണം. 50 മീറ്ററോളം അദ്ദേഹം ഒഴുകി പോയി.
നാലാമത്തെ സിഗ്നൽ ലഭിച്ച സ്ഥലം കേന്ദ്രീകരിച്ചാണ് പരിശോധന നിലവിൽ പുരോഗമിക്കുന്നത്. വീണ്ടും സംഘം ഇറങ്ങി പരിശോധന നടത്തും. ഇന്ന് തന്നെ ട്രക്ക് കണ്ടെത്താൻ കഴിയും എന്നാണ് മാൽപയുടെ നേതൃത്വത്തിലുള്ള സംഘം പറയുന്നത്. ഒഴുക്കോ സീറോ വിസിബിലിറ്റിയോ ദൗത്യത്തിന് തടസ്സമാകില്ലെന്നും സംഘം വ്യക്തമാക്കുന്നുണ്ട്.
Discussion about this post