ഭൂമിയ്ക്ക് നേരെ പാഞ്ഞടുക്കുന്ന അപോഫിസ് ഛിന്നഗ്രഹത്തെ നിരീക്ഷിക്കാനും പഠനം നടത്താനും തയ്യാറെടുത്ത് ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ കേന്ദ്രമായ ഐഎസ്ആർഒ. ഛിന്നഗ്രഹത്തെ കുറിച്ച് പഠിക്കുന്നതിനായി യൂറോപ്യൻ ബഹിരാകാശ ഏജൻസി പ്രഖ്യാപിച്ച റാംസസ് ദൗത്യവുമായി സഹകരിക്കാൻ ഒരുങ്ങുകയാണ് ഐഎസ്ആർഒ. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് തുടക്കമിട്ടതായാണ് വിവരം.
ദിവസങ്ങൾക്ക് മുമ്പാണ് ഛിന്നഗ്രഹത്തെ കുറിച്ച് പഠിക്കുന്നതിനായുള്ള ദൗത്യം ഇഎസ്എ പ്രഖ്യാപിച്ചത്. ഭൂമിയോട് അടുത്തുകൊണ്ടിരിക്കുന്ന ഛിന്നഗ്രഹത്തിനോടൊപ്പം അൽപ്പസമയം ഭ്രമണപഥത്തിൽ സഞ്ചരിച്ച് അതിനെ കുറിച്ച് ആവശ്യമായ വിവരങ്ങൾ ശേഖരിക്കുകയാണ് ദൗത്യത്തിന്റെ ലക്ഷ്യം.
അപോഫിസ് ഛിന്നഗ്രഹത്തെ കുറിച്ച് പഠനം നടത്താൻ ഇന്ത്യയ്ക്ക് താൽപ്പര്യമുണ്ടെന്ന് നേരത്തെ ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് അറിയിച്ചിരുന്നു. റാംസസ് ദൗത്യത്തിൽ സഹകരിക്കുന്നതുമായി ബന്ധപ്പെട്ട് ഐഎസ്ആർഒയും യൂറോപ്യൻ സ്‌പേസ് ഏജൻസിയുമായി ചർച്ചയിലാണെന്ന് പാർലമെന്റിൽ കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് വ്യക്തമാക്കുകയായിരുന്നു.
ആദ്യമായാണ് ഐഎസ്ആർഒ ഒരു ഛിന്നഗ്രഹത്തെ കുറിച്ചുള്ള പഠനത്തിന് ലക്ഷ്യമിടുന്നത്. യൂറോപ്യൻ സ്‌പേസ് യൂണിയനുമായുള്ള സഹകരണം സാധ്യമാകുന്നതോടെ, ഭൂമിയുടെ നിലനിൽപ്പിന് ഭീഷണിയായേക്കാവുന്ന ബഹിരാകാശ വസ്തുക്കളെ പ്രതിരോധിക്കുന്നതിനുള്ള സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിൽ ഇന്ത്യയും പങ്കാളിയാകും.
ഐഎസ്ആർ ഡിസ്റ്റംഫോർ സേഫ് ആൻഡ് സസ്‌റ്റെയ്‌നബിൾ സ്‌പേസ് ഓപ്പറേഷൻസ് മാനേജ്‌മെന്റുമായി ബന്ധപ്പെട്ട് ഛിന്നഗ്രഹത്തിന്റെ നിരീക്ഷണം, പ്ലാനിറ്ററി ഡിഫൻസ് എന്നീ മേഖലകളിൽ ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ ഐഎസ്ആർഒ ആരംഭിച്ചതായും കേന്ദ്രമന്ത്രി അറിയിച്ചു.
Discussion about this post