കൊച്ചി : ധനുഷ് ചിത്രം ‘രായൻ’ തിയേറ്ററിൽ നിന്ന് ഫോണിൽ പകർത്തുന്നതിനിടെ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് പിടികൂടിയിരുന്നു. പുതിയ സിനിമ റിലീസ് ദിവസം തന്നെ ഫോണിൽ പകർത്തി വ്യാജ പതിപ്പ് പ്രചരിപ്പിച്ച സ്റ്റീഫൻ രാജ് ആണ് തിരുവനന്തപുരത്ത് നിന്ന് പിടിയിലായത്. നിർമാതാവ് സുപ്രിയ മേനോന്റെ പരാതിയിൽ പോലീസ് രജസ്റ്റർ ചെയ്ത കേസിലാണ് നടപടി. എന്നാൽ ഇയാൾ ഇത് സ്ഥിരമായി ചെയ്തുവരികയാണെന്നാണ് പോലീസിന്റെ കണ്ടെത്തൽ.
പുതിയ സിനിമയുടെ റിലീസ് ദിവസം തന്നെ ഇയാൾ തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലെത്തും. തിയേറ്ററിൽ ഏറ്റവും പുറകിൽ ഏഴ് സീറ്റ് ബുക്ക് ചെയ്യും. ഏറ്റവും പുറകിലെ സീറ്റിൽ ഇരുന്ന്, ഫോണിന്റെ ബ്രൈറ്റ്‌നെസ് കുറച്ചുവെച്ച് സീറ്റിലെ കപ്പ് ഹോൾഡറിൽ മൊബൈൽ ഫോൺ വെച്ചാണ് പ്രതി സിനിമ പകർത്തിയിരുന്നത് എന്ന് പോലീസ് കണ്ടെത്തി. തമിഴ് റോക്കേഴ്‌സ്, തമിഴ് ബ്ലാസ്റ്റേഴ്‌സ് തുടങ്ങിയ സൈറ്റുകൾക്കാണ് ഇയാൾ പുതിയ ചിത്രങ്ങൾ റെക്കോഡ് ചെയ്ത് അയച്ചിരുന്നത്.
ഗുരുവായൂരമ്പല നടയിൽ എന്ന ചിത്രം റിലീസ് ആയി രണ്ടാം ദിവസം തന്നെ സിനിമയുടെ വ്യാജ പതിപ്പ് പുറത്തിറങ്ങിയിരുന്നു. ഇതോടെയാണ് നിർമാതാക്കളിൽ ഒരാളായ സുപ്രിയ മേനോൻ പോലീസിൽ പരാതി നൽകിയത്. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിൽ തിരുവനന്തപുരത്തെ തിയേറ്ററിൽ നിന്നാണ് സിനിമ പകർത്തിയത് എന്ന് പോലീസിന് പ്രാഥമിക വിവരം ലഭിച്ചു.
തിയേറ്ററുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ തമിഴ്‌നാട്ടിൽ നിന്ന് ഒരാൾ സ്ഥിരമായി ഈ തിയേറ്ററിലേക്ക് സിനിമ റിലീസ് ചെയ്യുന്ന ദിവസം തന്നെ ആറോ ഏഴോ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നത് ശ്രദ്ധയിൽ പെടുകയായിരുന്നു. ഇയാൾ രായൻ എന്ന സിനിമ കാണാൻ എത്തിയിട്ടുണ്ടെന്ന വിവരം ലഭിച്ചതോടെ പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. രണ്ട് പേരെയാണ് പോലീസ് പിടികൂടിയത്. എന്നാൽ കൂടെ ഉണ്ടായിരുന്നയാൾ നിരപരാധിയാണെന്നിം സിനിമ കാണിച്ചുതരാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ട് വന്നതാണെന്നും പോലീസ് വ്യക്തമാക്കി.
അതേസമയം അടുത്തിടെ പുറത്തിറങ്ങിയ കൽക്കി ഉൾപ്പെടെ അഞ്ചോളം സിനിമകൾ റിലീസ് ചെയ്ത അന്ന് തന്നെ ഫോണിൽ റെക്കോർഡ് ചെയ്ത് അയച്ചു കൊടുത്തതായി പ്രതി കുറ്റസമ്മതം നടത്തിയിട്ടുണ്ട്. പ്രതിയെ കൊച്ചിയിലെത്തിച്ച് പോലീസ് ചോദ്യം ചെയ്തുവരികയാണ്.
Discussion about this post