കോഴിക്കോട്: നവകേരള സദസ്സിനായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസ് കട്ടപ്പുറത്ത്. തകരാറിനെ തുടർന്ന് വാഹനം വർക്ക് ഷോപ്പിലാണെന്നാണ് വിവരം. ഒരാഴ്ചയായി ബസ് സർവ്വീസ് നിർത്തിവച്ചിട്ട്.
ബംഗളൂരുവിലേക്ക് പോകുന്ന ചില യാത്രികർ നവകേരള ബസിന് ടിക്കറ്റ് ബുക്ക് ചെയ്യാൻ ശ്രമിച്ചിരുന്നു. അപ്പോഴാണ് സർവ്വീസ് നടത്തുന്നില്ലെന്ന് കെഎസ്ആർടിസി അറിയിച്ചത്. തകരാറിൽ ആണെന്നും അറ്റകുറ്റപ്പണികൾ പുരോഗമിക്കുകയാണെന്നും കെഎസ്ആർടിസി വിശദീകരിക്കുന്നു. അതേസമയം നവകേരള ബസ് സർവ്വീസ് അവസാനിപ്പിക്കാൻ പോകുകയാണെന്ന സൂചനയും ഉണ്ട്. കോഴിക്കോട് റീജിയണൽ വർക്ക് ഷോപ്പിലാണ് ഇപ്പോൾ ബസുള്ളത്.
ഉദ്ഘാടന ശേഷമുള്ള കുറച്ചു ദിവസങ്ങളിൽ നിരവധി പേരായിരുന്നു കോഴിക്കോട് നിന്ന് ബംഗളൂരുവിലേക്കും, തിരിച്ചും യാത്ര ചെയ്തിരുന്നത്. എന്നാൽ പിന്നീട് യാത്രികരുടെ എണ്ണം കുറയുകയായിരുന്നു. ഭീമമായ ടിക്കറ്റ് നിരക്കാണ് യാത്രികർ ബസ് ഉപേക്ഷിക്കാൻ കാരണം ആയത്. യാത്രികർ ഇല്ലാത്തതിനെ തുടർന്ന് ബസ് സർവ്വീസ് നിർത്തിവയ്ക്കുന്ന സാഹചര്യവും ഉണ്ടായിരുന്നു. ആളുകളെ ആകർഷിക്കുന്നതിനായി അടുത്തിടെ ബസിന്റെ സമയക്രമത്തിൽ മാറ്റം വരുത്തിയിരുന്നു. എന്നാൽ ഇതും ഫലം കണ്ടിരുന്നില്ല.
Discussion about this post