ന്യൂഡൽഹി: പാരിസ് ഒളിമ്പിക്‌സിൽ ഷൂട്ടിംഗിൽ വെങ്കല മെഡൽ നേടി ഇന്ത്യയുടെ അഭിമാനമായി മാറിയ മനു ഭക്കറിന് നേരിട്ട് വിളിച്ച് അഭിനന്ദനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യം മുഴുവൻ മനു ഭക്കറിനെ ഓർത്ത് അഭിമാനം കൊള്ളുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. വെങ്കലം സ്വന്തമാക്കിയതിന് പിന്നാലെ എക്‌സിലും പ്രധാനമന്ത്രി മനു ഭക്കറിന് പ്രശംസിച്ചിരുന്നു.
‘ഒരുപാട് അഭിനന്ദനങ്ങൾ മനു. നിങ്ങളുടെ വിജയത്തിൽ ഞാൻ സന്തുഷ്ടനാണ്. വെറും 0.1 പോയിന്റിനാണ് വെള്ളി നഷ്ടപ്പെട്ടത്. എങ്കിലും നിങ്ങൾ രാജ്യത്തിന് അഭിമാനമാണ്. രണ്ട് തരത്തിലാണ് നിങ്ങൾ രാജ്യത്തിന്റെ അഭിമാനമായിരിക്കുന്നത്. നിങ്ങൾ വെങ്കല മെഡൽ നേടി. അതിനോടൊപ്പം ഒളിമ്പിക്‌സ് മെഡൽ നേടുന്ന ആദ്യത്തെ ഇന്ത്യൻ വനിതാ ഷൂട്ടറായി നിങ്ങൾ മാറി. ടോക്യോ ഒളിമ്പിക്‌സിൽ റൈഫിൾ നിങ്ങൾക്ക് ഒപ്പം നിന്നില്ല. എന്നാൽ, ഇത്തവണ എല്ലാ പ്രതിസ്‌നധികളെയും നിങ്ങൾ തരണം ചെയ്തു. മറ്റ് കാറ്റഗറികളിലും നിങ്ങൾ വളരെ മികച്ച പ്രകടനം കാഴ്ച്ച വയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു’- പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യൻ അത്‌ലറ്റുകൾക്ക് അവിടെയുള്ള സൗകര്യങ്ങളെല്ലാാം മികച്ചതാണെന്ന് പ്രതീക്ഷിക്കുന്നു. മെഡൽ നേട്ടത്തിന് ശേഷം മനുവിന് തന്റെ കുടുംബവുമായി സംസാരിക്കാൻ അവസരം ലഭിച്ചോയെന്നും പ്രധാനമന്ത്രി ചോദിച്ചു. മനുവിന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ വേണ്ടി കഠിനാധ്വാനം ചെയ്ത കുടുംബത്തിനും ഇത് അഭിമാന നിമിഷമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post