ബംഗളൂരു: ഷിരൂരിൽ അർജുനെ കണ്ടെത്താനുള്ള ശ്രമം അനിശ്ചതത്വത്തിൽ. രക്ഷാപ്രവർത്തനം നടത്തിയിരുന്ന നാവിക സേനയും എൻഡിആർഎഫിന്റെ സംഘവും ഷിരൂരിൽ നിന്നും മടങ്ങി. അർജുനെ കണ്ടെത്താനുള്ള ശ്രമങ്ങളൊന്നും ഇപ്പോൾ പ്രദേശത്ത് നടക്കുന്നില്ല. ദേശിയപാത സഞ്ചാരയോഗ്യമാക്കാനുള്ള നടപടികൾ മാത്രമാണ് ഇപ്പോൾ ദൗത്യ മേഖലയിൽ നടക്കുന്നത്.
അതേസമയം, ഗംഗാവാലി പുഴയിൽ തിരച്ചിൽ നടത്തുന്നതിന് ഡ്രഡ്ജർ എത്തിക്കുന്നതിന് സാങ്കേതിക പരിശോധനയ്ക്കായി തൃശൂരിൽ നിന്നുള്ള സംഘം അങ്കോലയിലേയ്ക്ക് തിരിച്ചു. യന്ത്രത്തിന്റെ ഒരു ഓപ്പറേറ്ററും ഒരു കൃഷിവകുപ്പ് ഉദ്യോഗസ്ഥനുമാണ് ദൗത്യമേഖലയിലേയ്ക്ക് പോയിരിക്കുന്നത്. മേധഖലയിലേയ്ക്ക് എത്തിയതിന് ശേഷമുള്ള പരിശോധനയ്ക്ക് ശേഷമായിരിക്കും ഡ്രഡ്ജർ കൊണ്ട് പോകുന്നതിൽ അന്തിമ തീരുമാനമെടുക്കുക.
കുത്തൊഴുക്കിൽ ഡ്രഡ്ജർ കൊണ്ടുപോകാൻ കഴിയുമോ എന്ന കാര്യത്തിലായിരിക്കും സംഘം പരിശോധന നടത്തുക. മഴ കുറഞ്ഞിട്ടുണ്ട്. കുത്തൊഴുക്കിലും നേരിയ കുറവ് സംഭവിച്ചിട്ടുണ്ട്. എന്നാൽ, പുഴയിലിറങ്ങാനുള്ള സാഹചര്യം ഇനിയുമായിട്ടില്ലെന്ന് അധികൃതർ പറയുന്നു.
Discussion about this post