പാലക്കാട്: ജില്ലയിൽ അതിതീവ്ര മഴയെ തുടർന്ന് പട്ടാമ്പി പുഴയിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. പാലത്തിന് മുകളിലൂടെയുള്ള ഇരുചക്ര വാഹന ഗതാഗതവും കാൽനടയാത്രയും നിരോധിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ പാലത്തിലൂടെ യാത്രാവിലക്കുണ്ടാകുമെന്ന് കളക്ടർ അറിയിച്ചിട്ടുണ്ട്.
കനത്ത മഴക്കെടുതിയുടെ സാഹചര്യത്തിൽ ജില്ലയിൽ ഇന്ന് മുതൽ എല്ലാവിധ ഖനന പ്രവർത്തനങ്ങളും നിരോധിച്ചിട്ടുണ്ട്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാൻ മന്ത്രി എംബി രാജേഷ് ജില്ലാ കളക്ടർക്ക് നിദേശം നൽകിയിട്ടുണ്ട്. ജനങ്ങളെല്ലാം ജാഗ്രത പാലിയ്ക്കണമെന്നും ഭാരതപുഴയുടെ തീരത്ത് താമസിക്കുന്നവർ കൂടുതൽ മുൻകരുതലുകൾ സ്വീകരിക്കണമെന്നും മന്ത്രി അറിയിച്ചു. ദുരന്ത നിവാരണ അതോററ്റിയുടെയും മറ്റ് അധികാരികളുടെയും നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും ജനങ്ങളിൽ ഭീതി പരത്തുന്ന തരത്തിലുള്ള സന്ദേശങ്ങളും വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും മന്ത്രി അഭ്യർത്ഥിച്ചു. ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തൃശൂരിൽ പീച്ചി, വാഴാനി, പെരിങ്ങൽകുത്ത്, പൂമല, അസുരൻകുണ്ട്, പത്താഴക്കുണ്ട് എന്നീ ഡാമുകൾ തുറന്നിട്ടുണ്ട്. പീച്ചി ഡാമിന്റെ നാല് സ്പിൽവേ ഷട്ടറുകൾ 145 സെന്റീമീറ്റർ വീതം തുറന്നിട്ടുണ്ട്. വാഴാനി ഡാമിന്റെ നാല് ഷട്ടറുകൾ 70 ശെസന്റീമീറ്റർ വീതം തുറന്നു. പൂമല ഡാമിന്റെ നാല് ഷട്ടറുകളും പെരിങ്ങൽകുത്തിന്റെ 7 ഷട്ടറുകളും തുറന്നിട്ടുണ്ട്.
Discussion about this post