തൃശ്ശൂർ : മഴയെ തുടർന്ന് ഭാരതപ്പുഴയിൽ ഉണ്ടായ കുത്തൊഴുകിൽ ചെറുതുരുത്തിയിലെ പഴയ കൊച്ചിൻ പാലം തകർന്നു വീണു.122 വർഷം പഴക്കമുള്ള പാലമാണ് തകർന്നത്.
2011 ൽ പാലത്തിന്റെ നടുഭാഗം തകർന്നിരുന്നു. ചെറുതുരുത്തി – ഷൊർണൂർ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ഭാരതപ്പുഴയ്ക്ക് കുറുകെയുള്ളതാണ് കൊച്ചിൻ പാലം, കേരളപ്പിറവിക്ക് മുൻപ് പഴയ മദിരാശി മലബാറിനെയും തിരുവിതാംകൂർ കൊച്ചിയെയും ഏകോപിപ്പിച്ചാണ് ഇത് നിർമിച്ചത്.
ഷൊർണൂരിലൂടെ കടന്ന് പോകുന്ന ട്രെയിൻ ഗതാഗതം തിരുവിതാംകൂറിലേക്ക് എത്തിക്കണമെന്ന അന്നത്തെ കൊച്ചി മഹാരാജാവ് രാമവർമ്മ തമ്പുരാന്റ ആഗ്രഹമാണ് പാലം നിർമാണത്തിന് പിന്നിൽ. മലബാർ ഭരിച്ചിരുന്ന ബ്രിട്ടിഷ് ഗവൺമെന്റ് തീവണ്ടി ഗതാഗതത്തിന് വേണ്ട ചിലവ് വഹിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ രാജകുടുംബത്തിലെ പലരുടെയും എതിർപ്പിനെ അവഗണിച്ച് തൃപ്പൂണിത്തുറ ശ്രീപൂർണ്ണത്രയീശ ക്ഷേത്രത്തിലെ സ്വർണത്തിൽ തീർത്ത 14 നെറ്റിപട്ടങ്ങളും പൊതുഖജനാവിലെ പണവും ചേർത്ത് 84 ലക്ഷം രൂപയാണ് അന്ന് ഇതിനായി ഉപയോഗിച്ചത്.
1902 ജൂൺ 2ന് ആദ്യത്തെ ചരക്ക് ട്രെയിനും ജൂലായ് 16ന് ആദ്യത്തെ യാത്രാവണ്ടിയും മലബാറിൽ നിന്ന് തിരുവിതാംകൂറിലേക്ക് ഈ പഴയ കൊച്ചിൻ പാലത്തിലൂടെയാണ് സർവീസ് നടത്തിയത്.
Discussion about this post