വയനാട് : മുണ്ടക്കൈയിൽ മേപ്പാടിയിൽ ഇന്നത്തെ രക്ഷാപ്രവർത്തനം അവസാനിപ്പിച്ച് ദൗത്യസംഘം. നാളെ പുലർച്ചെ വീണ്ടും പുനരാരംഭിക്കാനാണ് തീരുമാനം. ഉരുൾപൊട്ടലിൽ ഇതുവരെ 126 പേർ മരിച്ചതായാണ് റിപ്പോർട്ട്. 196 പേർ വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ട്. ഇന്ന് ആകെ 800 പേരെയാണ് ദുരന്തത്തിൽ നിന്ന് ദൗത്യസംഘം രക്ഷിച്ചത്. അതേസമയം നിരവധി പേർ ഇപ്പോഴും മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുകയാണ്. ഇവരെ രക്ഷിക്കാനായിട്ടില്ല. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.
രാത്രിയായതോടെ കനത്ത മഴയും മൂടൽ മഞ്ഞും രക്ഷാപ്രവർത്തനം ദുഷ്‌കരമാക്കി. ഇതോടെയാണ് ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചത്. വടം ഉപയോഗിച്ച് ചൂരൽമലയിൽ നിന്ന് മുണ്ടക്കൈയിലേക്ക് താത്ക്കാലിക പാലം നിർമ്മിച്ചാണ് സൈന്യം ആളുകളെ രക്ഷിച്ചത്. പരിക്കേറ്റവരെ ഹെലികോപ്റ്റർ വഴി ആശുപത്രിയിലെത്തിച്ചിരുന്നു.
നാളെ കർണാടക-കേരള സബ് ഏരിയ കമാൻഡർ മേജർ ജനറൽ വി ടി മാത്യു അടക്കമുള്ള ഉന്നത സൈനിക ഉദ്യോഗസ്ഥർ വയനാട്ടിലേക്ക് എത്തും. അതിരാവിലെ തിരുവനന്തപുരത്തുനിന്നുള്ള രണ്ട് കോളം സൈനിക സംഘം കൂടി രക്ഷാപ്രവർത്തനത്തിനായി വയനാട്ടിലേക്ക് എത്തും. മദ്രാസ്, മാറാത്ത റെജിമെന്റുകളിൽ നിന്നുള്ള 140 സൈനികരാണ് വയനാട്ടിൽ രക്ഷാപ്രവർത്തനത്തിനായി എത്തുന്നത്.
ദുരന്തബാധിത മേഖലയിൽ 330 അടിയുള്ള താൽക്കാലിക പാലത്തിന്റെ നിർമ്മാണവും സൈന്യം നാളെ തുടങ്ങുന്നതായിരിക്കും. പാലത്തിന്റെ നിർമ്മാണത്തിന് ആവശ്യമായ ഭാഗങ്ങൾ ബംഗളൂരുവിൽ നിന്നും നാളെ പുലർച്ചെ തന്നെ വയനാട്ടിൽ എത്തിക്കും. ആർമി എൻജിനീയറിങ് ഗ്രൂപ്പിന്റെ 70 വിദഗ്ധരാണ് പാലം നിർമ്മാണത്തിനായി നാളെ വയനാട്ടിൽ എത്തുക. ചെറു പാലങ്ങളുടെ നിർമാണത്തിനായുള്ള ഉപകരണങ്ങൾ ദില്ലിയിൽ നിന്നും നാളെ രാവിലെ കണ്ണൂർ വിമാനത്താവളത്തിലും എത്തിക്കുമെന്ന് സൈന്യം അറിയിച്ചിട്ടുണ്ട്.
Discussion about this post