വയനാട് : ദുരന്തബാധിത മേഖലയിൽ 85 അടിയുള്ള താൽക്കാലിക പാലത്തിന്റെ നിർമ്മാണം സൈന്യം ഇന്ന് തുടങ്ങും. ബെയിലി പാലത്തിന്റെ നിർമ്മാണത്തിന് ആവശ്യമായ ഭാഗങ്ങൾ ബംഗളൂരുവിൽ നിന്നും വയനാട്ടിൽ എത്തിക്കുമെന്ന് റവന്യൂമന്ത്രി കെ രാജൻ പറഞ്ഞു.
ഉരുൾപ്പൊട്ടലിൽ നാശം വിതച്ച ചൂരൽമലയിൽ കഴിഞ്ഞ ദിവസം താത്ക്കാലിക പാലം നിർമ്മിച്ചിരുന്നു. സൈന്യവും ഫയർഫോഴ്സും ഒന്നിച്ചാണ് പാലം നിർമ്മാണം പൂർത്തിയാക്കിയത്. മുണ്ടക്കൈയിൽ കുടുങ്ങിക്കിടക്കുന്നവരെ സൈന്യം ഈ പാലത്തിലൂടെയാണ് ഇക്കരയ്ക്ക് എത്തിച്ചിരുന്നത്. താൽക്കാലികമായി ചെറിയ പാലം നിർമ്മിച്ചെങ്കിലും പുഴയുടെ പകുതി വരെ മാത്രമായിരുന്നു നീളം. മുണ്ടക്കൈ പാലം ഒലിച്ചുപോയി യാത്രാമാർഗം അടഞ്ഞത് കൊണ്ട് ഉരുൾപൊട്ടൽ കഴിഞ്ഞ് മണിക്കൂറുകൾക്ക് ശേഷമാണ് ദൗത്യസംഘം പുഴകടന്ന് മുണ്ടക്കൈയിൽ എത്തിയത്.
കൂടാതെ ആർമി എൻജിനീയറിങ് ഗ്രൂപ്പിന്റെ 70 വിദഗ്ധരാണ് പാലം നിർമ്മാണത്തിനായി ഇന്ന് വയനാട്ടിൽ എത്തുക. ചെറു പാലങ്ങളുടെ നിർമാണത്തിനായുള്ള ഉപകരണങ്ങൾ ഡൽഹിയിൽ നിന്നും രാവിലെ കണ്ണൂർ വിമാനത്താവളത്തിലും എത്തിക്കുമെന്ന് സൈന്യം അറിയിച്ചു.
Discussion about this post