കോഴിക്കോട്: വയനാട് മുണ്ടക്കൈയില്‍ ഉണ്ടായത് വൻ ദുരന്തമാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വയനാട്ടിലെ ക്യാമ്പുകൾ സന്ദർശിക്കുമെന്നും സാധ്യമായ എല്ലാ സഹായവും നൽകുമെന്നും ഗവർണർ അറിയിച്ചു.
ഇന്ത്യയുടെ എല്ലാ കോണുകളിൽ നിന്നും വയനാട്ടിലേക്ക് സഹായം പ്രതീക്ഷിക്കുന്നു. മുഖ്യമന്ത്രി പറഞ്ഞത് പോലെ 2018ലും 2019ലും അതിജീവിച്ച കേരളം ഇതും അതിജീവിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ദുരന്തബാധിത പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. 85 അടിയുള്ള താൽക്കാലിക പാലത്തിന്റെ നിർമ്മാണം സൈന്യം ഇന്ന് തുടങ്ങും. ബെയിലി പാലത്തിന്റെ നിർമ്മാണത്തിന് ആവശ്യമായ ഭാഗങ്ങൾ ബംഗളൂരുവിൽ നിന്നും വയനാട്ടിൽ എത്തിക്കുമെന്ന് റവന്യൂമന്ത്രി കെ രാജൻ പറഞ്ഞു. ചൂരൽമലയിൽ ഇന്നലെ വൈകീട്ടോടെ താത്ക്കാലിക പാലം നിർമ്മിച്ചിരുന്നു. സൈന്യവും ഫയർഫോഴ്സും ഒന്നിച്ചാണ് പാലം നിർമ്മാണം പൂർത്തിയാക്കിയത്. മുണ്ടക്കൈയിൽ കുടുങ്ങിക്കിടക്കുന്നവരെ സൈന്യം ഈ പാലത്തിലൂടെയാണ് ഇക്കരയ്ക്ക് എത്തിച്ചിരുന്നത്. താൽക്കാലികമായി ചെറിയ പാലം നിർമ്മിച്ചെങ്കിലും പുഴയുടെ പകുതി വരെ മാത്രമായിരുന്നു നീളം. മുണ്ടക്കൈ പാലം ഒലിച്ചുപോയി യാത്രാമാർഗം അടഞ്ഞത് കൊണ്ട് ഉരുൾപൊട്ടൽ കഴിഞ്ഞ് മണിക്കൂറുകൾക്ക് ശേഷമാണ് ദൗത്യസംഘം പുഴകടന്ന് മുണ്ടക്കൈയിൽ എത്തിയത്.












