വയനാട്: മേപ്പാടിയില്‍ ഉണ്ടായ ഉരുൾപൊട്ടലിൻ്റെ പശ്ചാത്തലത്തിൽ അടിയന്തര മന്ത്രിസഭാ യോഗം നടന്നു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ രാവിലെ 9.30 ന് ഓൺലൈനായാണ് യോഗം ചേര്‍ന്നത്. മന്ത്രിസഭാ യോഗത്തിന് ശേഷം ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം ചേരും.
വൈകുന്നേരത്തോടെ മുഖ്യമന്ത്രി കോഴിക്കോട്ടെത്തും. ദുരന്ത ബാധിത പ്രദേശത്തെ
സ്ഥിതിഗതികൾ വിലയിരുത്താൻ നാളെയോടെ മുഖ്യമന്ത്രി വയനാട്ടിൽ എത്തുമെന്നാണ് വിവരം.
അതേസമയം, ദുരന്തബാധിത പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. 85 അടിയുള്ള താൽക്കാലിക പാലത്തിന്റെ നിർമ്മാണം സൈന്യം ഇന്ന് തുടങ്ങും. ബെയിലി പാലത്തിന്റെ നിർമ്മാണത്തിന് ആവശ്യമായ ഭാഗങ്ങൾ ബംഗളൂരുവിൽ നിന്നും വയനാട്ടിൽ എത്തിക്കുമെന്ന് റവന്യൂമന്ത്രി കെ രാജൻ പറഞ്ഞു. ചൂരൽമലയിൽ ഇന്നലെ വൈകീട്ടോടെ താത്ക്കാലിക പാലം നിർമ്മിച്ചിരുന്നു. സൈന്യവും ഫയർഫോഴ്സും ഒന്നിച്ചാണ് പാലം നിർമ്മാണം പൂർത്തിയാക്കിയത്. മുണ്ടക്കൈയിൽ കുടുങ്ങിക്കിടക്കുന്നവരെ സൈന്യം ഈ പാലത്തിലൂടെയാണ് ഇക്കരയ്ക്ക് എത്തിച്ചിരുന്നത്. താൽക്കാലികമായി ചെറിയ പാലം നിർമ്മിച്ചെങ്കിലും പുഴയുടെ പകുതി വരെ മാത്രമായിരുന്നു നീളം. മുണ്ടക്കൈ പാലം ഒലിച്ചുപോയി യാത്രാമാർഗം അടഞ്ഞത് കൊണ്ട് ഉരുൾപൊട്ടൽ കഴിഞ്ഞ് മണിക്കൂറുകൾക്ക് ശേഷമാണ് ദൗത്യസംഘം പുഴകടന്ന് മുണ്ടക്കൈയിൽ എത്തിയത്.
Discussion about this post