എറണാകുളം; പ്രകൃതി കനത്ത നാശം വിതച്ച മുണ്ടക്കൈയിൽ രക്ഷാ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടെ വൈകാരിക കുറുപ്പുമായി ഗായിക സുജാത. ഫേസ്ബുക്കിലൂടെയായിരുന്നു ഗായിക കുറിപ്പുപങ്കുവച്ചത്. മുണ്ടക്കൈയിലെ രക്ഷാ പ്രവർത്തനങ്ങൾ കണ്ടുവളരണം എന്ന് സുജാത കുറിപ്പിൽ പറയുന്നു.
‘മക്കളെ …നിങ്ങളെ ഇന്ന് ഈ രക്ഷിച്ചുകൊണ്ട് പോകുന്നവർ നിങ്ങളുടെ മതത്തിൽ ഉള്ളവരല്ല നിങ്ങളുടെ അച്ഛന്റെ പാർട്ടിക്കാരല്ല നിങ്ങളുടെ ചോരയല്ല…നിങ്ങളുടെ ആരുമല്ല….ഇത് കണ്ടു നിങ്ങൾ വളരുക…..നിങ്ങളുടെ സഹജീവികളെ സ്‌നേഹിച്ചു നീങ്ങൾ വളരുക….നീങ്ങൾ വളരുമ്പോൾ ആരാവാനാണ് ആഗ്രഹം എന്ന് ചോദിക്കുമ്പോൾ നീങ്ങൾ പറയണം…. ഡോക്ടർ ആവണം എൻജിനീയർ ആവണം എന്നല്ല. ‘നല്ലൊരു മനുഷ്യൻ’ ആവണമെന്ന്- സുജാത ഫേസ്ബുക്കിൽ കുറിച്ചു.
അതേസമയം ഉരുൾപൊട്ടലിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 270 ആയി. ശക്തമായ മഴ തുടരുന്നതിനാലും കാലാവസ്ഥ പ്രതികൂലമായതിനാലും ഇന്നത്തെ രക്ഷാപ്രവർത്തനം നിർത്തിവച്ചിരിക്കുകയാണ്. നാളെ വീണ്ടും ആരംഭിക്കും. പുഴയിൽ വലിയ കുത്തൊഴുക്കാണ് അനുഭവപ്പെടുന്നത്. ഇതിന് കുറുകെയായുള്ള താത്കാലിക ബെയ്‌ലി പാലത്തിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്. ഇനിയൊരു മലവെള്ളപ്പാച്ചിൽ വന്നാലും തകരാറ് വരാത്ത തരത്തിലാണ് പാലത്തിന്റെ നിർമ്മാണം.
Discussion about this post