ചെന്നൈ: വയനാട്ടിലെ മുണ്ടക്കൈയിലെ ദുരിതബാധിതർക്ക് കൈത്താങ്ങായി തെന്നിന്ത്യൻ താരങ്ങൾ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. നടി രശ്മിക മന്ദാന, ജ്യോതിക, നടന്മാരായ കാർത്തി, സൂര്യ എന്നിവരാണ് സംഭാവന ചെയ്തത്. കഴിഞ്ഞ ദിവസം നടൻ വിക്രമും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരുന്നു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപയാണ് രശ്മിക മന്ദാന നൽകിയത്. സൂര്യയും കാർത്തിയും ജ്യോതികയും ചേർന്ന് 50 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. വയനാട് ഉണ്ടായ ദുരന്തത്തിന്റെ വാർത്തകൾ കേട്ടപ്പോൾ ഹൃദയം നുറുങ്ങിപ്പോയതായി രശ്മിക മന്ദാന ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ദുരിതത്തിൽ അകപ്പെട്ടവരുടെ കുടുംബങ്ങൾക്കായി പ്രാർത്ഥിക്കുന്നുവെന്നും താരം കുറിച്ചു.
മുണ്ടക്കൈയിലെ ദുരിത ബാധിതരുടെ ദു:ഖത്തിൽ പങ്കുചേരുന്നതായി നടൻ സൂര്യ എക്‌സിൽ കുറിച്ചു. ഉരുൾപൊട്ടലിന് പിന്നാലെ വയനാട്ടിൽ നിന്നും പുറത്തുവരുന്ന വാർത്തകൾ ഹൃദയഭേദകം ആണ്. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ആദരവ് എന്നും അദ്ദേഹം എക്‌സിൽ വ്യക്തമാക്കി.
Discussion about this post