ബത്തേരി: വലിയ ദുരന്തത്തിന്റെ ആഘാതത്തിലാണ് കേരളം. വയനാട്ടിൽ സംഭവിച്ച ഉരുൾപൊട്ടൽ സംസ്ഥാനത്തെയാകെ ബാധിച്ചിരിക്കുന്നു. നിരവധി പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടവരും ഈ ജീവിതകാലമത്രയും സമ്പാദിച്ചത് നഷ്ടപ്പെട്ടവരും ദുരിതാശ്വാസ ക്യാമ്പുകളിൽ ഇനിയെന്ത് എന്ന ചോദ്യവുമായി കഴിയുകാണ്.
സംസ്ഥാനത്തിന്റെ നാനാഭാഗത്ത് നിന്നും സുമനസുകളുടെ സഹായം ലഭിക്കുന്നുണ്ടെങ്കിലും നിന്നിരുന്ന മണ്ണ് ഒലിച്ചുപോയതിന്റെ വേദന ആർക്കും മാറിയിട്ടില്ല. ക്യാമ്പ് തീരുമ്പോൾ എങ്ങോട്ട് പോകുമെന്ന് അറിയാതെ നിൽക്കുകയാണ് ചൂരൽമല സ്വദേശി ശ്രീധരനും സുധയും. ഒരാഴ്ച കഴിഞ്ഞാൽ ക്യാമ്പ് തീരും. പിന്നെ എങ്ങോട്ട് പോകും സ്വന്തമെന്ന് പറയാനുണ്ടായിരുന്ന ഇത്തിരി മണ്ണും പോയി എന്നാണ് ശ്രീധരനും സുധയും പറയുന്നത്.
ഞങ്ങൾക്ക് ആരുമില്ല. പെൺമക്കളെ വിവാഹം ചെയ്ത് അയച്ചു. വീട്ടിൽ ഞങ്ങൾ രണ്ട് പേർ മാത്രം. വലിയ ശബ്ദത്തോടെ ഉരുളും മലവെള്ളപ്പാച്ചിലും അലച്ചെത്തുകയായിരുന്നു. ഇറങ്ങിയോടിയത് മാത്രമെ ഓർമയുള്ളൂ. ഇപ്പോൾ വീട് നിന്നിടത്ത് ഒന്നുമില്ല. സ്ഥലം പോലും തിരിച്ചറിയാതായി.എവിടെ പോയാലും വൈകീട്ട് വീട്ടിലെത്തും എന്ന് പറയില്ലേ. ഇനിയെന്താ ഞാൻ പറയുക. ഇനിയൊരു വീട് ഉണ്ടാക്കാമെന്ന് വിശ്വാസമില്ല. ശ്രീധരനും പറയുന്നു. 2018 ലെ പ്രളയത്തിൽ ഇവർ താമസിച്ചിരുന്ന ഷീറ്റിട്ട വീട് തകർന്നിരുന്നു. മരം വീണാണ് തകർന്നത്. പിന്നീട് സർക്കാർ സഹായത്താൽ നിർമിച്ച വീടാണ് ഉരുൾപൊട്ടലിൽ തകർന്നത്. ഉടുത്ത വസ്ത്രമല്ലാതെ എല്ലാ നഷ്ടമായി എന്ന് ദമ്പതികൾ പറയുന്നു. നിലവിൽ മേപ്പാടി ഗവ. എച്ച് എസ് എസിലെ ക്യാമ്പിലാണിവർ.
Discussion about this post