പച്ചപ്പും ഹരിതാഭയുമൊക്കെ കണ്ട് നടക്കാൻ നമുക്കൊക്കെ വലിയ ഇഷ്ടമാണ്. മരങ്ങൾക്കിടയിലൂടെയൊക്കെ നടന്നാൽ സമയം പോവുന്നത് അറിയില്ലെന്നതാണ് സത്യം. അതുപോലെ മരങ്ങൾ നിറയെയുള്ള ഒരു ഗ്രാമമുണ്ട്. എന്നാൽ, ഈ ഗ്രാമം കാണുമ്പോൾ നിങ്ങൾക്ക് ചിലപ്പോൾ അത്ഭുതം തോന്നും. എന്താണ് കാരണമെന്നല്ലേ.. ഈ മരങ്ങൾ നേരെയല്ല വളരുക എന്നതാണ് ഇതിന്റെ പ്രധാനകാരണം.
സാധാരണ മരങ്ങൾ നേരെ വളരാതായാൽ നമുക്കെല്ലാം ആശങ്കയാണ്. എന്നാൽ, ഇവിടുത്തെ മരങ്ങൾ ഒന്നുപോലും നേരെ വളരാറില്ല. എല്ലാ മരങ്ങളും അൽപ്പം ചെരിഞ്ഞാണ് വളരുക. ന്യൂസിലാൻഡിലെ തെക്കേ അറ്റത്തുള്ള സ്ലോപ്പ് പോയിന്റിലാണ് ഈ വചിത്രമായ സംഭവം നടക്കുന്നത്. ഈ പ്രദേശത്ത് തുടർച്ചയായി വീശുന്ന കാറ്റാണ് മരങ്ങളുടെ ഈ വളർച്ചാ മാറ്റത്തിന് കാരണം.
സ്ലോപ്പ് പോയിന്റ് എന്നാണ് ഈ സ്ഥലം അറിയപ്പെടുന്നത്. ദക്ഷിണധ്രുവത്തിൽ നിന്നും ഏകദേശം 4803 കിലോമീറ്ററും ഭൂമധ്യരേഖയ്ക്ക് താഴെ 5140 കിലോമീറ്ററുമായി ആണ് സ്ലോപ്പ് പോയിന്റ് സ്ഥിതി ചെയ്യുന്നത്. എല്ലാ ദിവസവും ശക്തമായ കാറ്റാണ് ഈ പ്രദേശത്ത് വീശുന്നത്. ഏറ്റവും കഠിനമായ കാലാവസ്ഥ അനുഭവപ്പെടുന്ന സ്ഥലം കൂടിയാണ് ഇത്.
തെക്കൻ സമുദ്രത്തിൽ നിന്നുള്ള വായുപ്രവാഹഹങ്ങളാണ് ഈ അതിശക്തമായ കാറ്റിന് കാരണം. അതികഠിനമായ കാലാവസ്ഥയായത് കൊണ്ട് തന്നെ ഈ പ്രദേശത്ത് അധികം ആളുകൾ താമസിക്കാറില്ല. ഏതാനും കർഷകരും മൃഗങ്ങളും മാത്രമാണ് ഏതാനും വർഷങ്ങളായി ഇവിടെ ബാക്കിയുള്ളത്.
എന്നാൽ, ചരിഞ്ഞ് വളരുന്ന മരങ്ങളുള്ള ഈ സ്ഥലം ഒരു വിനോദസഞ്ചാര കേന്ദ്രമായി മാറിയിട്ടുണ്ട്. നിരവധി പേരാണ് ഈ വിചിത്രമായ കാഴ്ച്ച കാണാനായി ഇവിടേയ്‌ക്കെതതുന്നത്.













Discussion about this post