കൊല്ലം : ഡോ വന്ദനാ ദാസ് വധക്കേസിൽ സാക്ഷി വിസ്താരം സെപ്റ്റംബർ 9 ന് ആരംഭിക്കും. കൊല്ലം അഡീഷണൽ സെഷൻസ് ജഡ്ജി പി. എൻ. വിനോദ് ഉത്തരവിട്ടു. കേസിലെ ആദ്യ അമ്പത് സാക്ഷികളെയാണ് ഒന്നാം ഘട്ടത്തിൽ വിസ്തരിക്കുന്നത്.
കേസിലെ ഒന്നാം സാക്ഷിയും സംഭവ കാലത്ത് ഡോ വന്ദനയോടൊപ്പം ജോലി നോക്കി വന്നിരുന്നയാളുമായ ഡോ മുഹമ്മദ് ഷിബിനെയാണ് ആദ്യ ദിവസം വിസ്തരിക്കുന്നത്. കേരളത്തിൽ നടന്ന കൊലപാതക കേസുകളിൽ ഏറ്റവും അധികം ഡോക്ടർമാർ പ്രോസിക്യൂഷൻ സാക്ഷികളായ കേസ് എന്ന പ്രത്യേകതയും ഈ കേസിനുണ്ട്. വിവിധ തലങ്ങളിലായുള്ള 34 ഡോക്ടർമാരെയാണ് കേസിൽ പ്രോസിക്യൂഷൻ ഭാഗം സാക്ഷിപ്പട്ടികയിലുള്ളത്.
കൂടാതെ നഴ്‌സുമാർ, ആംബുലൻസ് ഡ്രൈവർമാർ, ഹോസ്പിറ്റൽ സെക്യൂരിറ്റി ജീവനക്കാർ എന്നിങ്ങനെ ആരോഗ്യ രംഗത്തു നിന്നുമുള്ള വിവിധ സാക്ഷികളെയും സാക്ഷിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കേസിൽ പ്രതിയായ സന്ദീപിന്റെ ജാമ്യാപേക്ഷ കോടതികൾ തള്ളിക്കളഞ്ഞതിനെ തുടർന്ന് നിലവിൽ വിചാരണ തടവുകാരനായി കഴിഞ്ഞുവരികയാണ്. കേസിൽ പ്രോസിക്യുഷന് വേണ്ടി സ്‌പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ പ്രതാപ് ജി പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്പ ശിവൻ, ഹരീഷ് കാട്ടൂർ എന്നിവരാണ് ഹാജരാകുന്നത്.
Discussion about this post