ന്യൂഡൽഹി: ബംഗ്ലാദേശിലുടനീളം കൊലവെറി പൂണ്ടു നടക്കുന്ന പ്രക്ഷോഭകർ രാജ്യത്തിന്റെ തന്നെ സ്ഥാപകനായ ഷെയ്ഖ് മുജീബുർ റഹ്‌മാനെ പോലും വെറുതെ വിടുന്നില്ല. ഷെയ്ഖ് ഹസീന ഗവൺമെന്റിന്റെ പതനത്തിന് പിന്നാലെ, രാജ്യത്തുടനീളമുള്ള ഫമുജീബുർ റഹ്‌മാന്റെ പ്രതിമകളെല്ലാം അക്രമകാരികൾ തച്ചുടച്ചുകൊണ്ടിരിക്കുകയാണ്. അദ്ദേഹത്തിനായി സമർപ്പിച്ച മ്യൂസിയം അക്രമികൾ അഗ്നിക്കിരയാക്കി.
എന്നാൽ, മുജീബ് റഹ്‌മാന്റെ ഇന്ത്യയുമായുള്ള ബന്ധത്തിന്റെ ശാശ്വതമായ ഒരോർമ പശ്ചിമ ബംഗാളിലെ കൊൽക്കൊത്തയിൽ അതിർത്തിക്കിപ്പുറത്ത് ഇപ്പോഴും നിലനിൽക്കുന്നുണ്ട്.
ബേക്കർ ഹോസ്റ്റൽ… സെൻട്രൽ കൊൽക്കൊത്തയിൽ സ്ഥിതി ചെയ്യുന്ന 114 വർഷം പഴക്കമുള്ള ബേക്കർ ഹോസ്റ്റൽ മുജീബ് റഹ്‌മാന്റെ വീട് തന്നെയായിരുന്നു. പശ്ചിമ പാകിസ്താനിൽ നിന്നും ബംഗ്ലാദേശിനെ മോചിപ്പിക്കാൻ 1942 മുതൽ 1947 വരെയുള്ള വർഷങ്ങളിൽ അദ്ദേഹം പോരാടിയത് ബേക്കർ ഹോസ്റ്റലിൽ വച്ചായിരുന്നു. 1940കളിൽ ഇപ്പോൾ മൗലാനാ ആസാദ് കോളേജ് എന്നറിയപ്പെടുന്ന ഇസ്ലാമിയ കോളേജിലെ വിദ്യാർത്ഥിയായിരുന്നപ്പോൾ മുജീബ് റഹ്‌മാൻ തന്റെ ചെറുപ്പ കാലം ചിലവഴിച്ചത് ഈ മഹാസ്റ്റലിലാണ്.
അന്ന് ഹോസ്റ്റലിലെ 24-ാം നനമ്പർ മുറിയിൽ കഴിയുമ്പോഴായിരുന്നു ബംഗ്ലാദേശിന് സ്വാതന്ത്ര്യം നേടിക്കൊടുക്കുന്നതിനെ കുറിച്ച് അദ്ദേഹം പദ്ദതികൾ ആവിഷ്‌കരിച്ചിരുന്നത്. ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി അദ്ദേഹം നയിച്ച പോരാട്ടം ബംഗ്ലദേശ് എന്ന രാജ്യത്തിന്റെ പിറവിയ്ക്ക് കാരണമാകുകയും ലോകമെമ്പാടും മുജീബ് റഹ്‌മാനെ ‘ബംഗബന്ധു’ (ബംഗാളിന്റെ സുഹൃത്ത്) എന്നറിയപ്പെടാൻ തുടങ്ങുകയും ചെയ്തു.
ബംഗ്ലാദേശ് സർക്കാരിന്റെ അഭ്യർത്ഥനയെ തുടർന്ന് ബേക്കർ ഹോസ്റ്റലിലെ 23, 24 മുറികൾ 1988ൽ ബംഗാൾ സർക്കാർ ഒരു മ്യൂസിയമാക്കി മാറ്റി. സന്ദർശകർക്ക് വേണ്ടി ആ മുറികൾ ഇന്നും കാത്തിരിക്കുന്നു. ഉന്നത വിദ്യാഭ്യാസത്തിനായി കൊൽക്കത്തയിലെത്തുന്ന നിരവധി വിദ്യാർത്ഥികൾ ഈ ഹോസ്റ്റലിൽ ഇന്നും താമസിക്കുന്നുണ്ട്.
Discussion about this post