ലോകത്തിൽ ആദ്യം തുറക്കുന്ന ക്ഷേത്രമാണ് തിരുവാർപ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം. കോട്ടയം ജില്ലയിൽ തിരുവാർപ്പ് ഗ്രാമത്തിൽ മീനച്ചിലാറിന്റെ തീരത്താണ് തിരുവാർപ്പ് ശ്രകൃഷ്ണസ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ചതുർബാഹുവായ മഹാവിഷ്ണു പ്രതിഷ്ഠയാണ് തിരുവാർപ്പിലേത്. എന്നാൽ, കംസവധം കഴിഞ്ഞ് വന്ന് വിശപ്പും ദാഹവുമായി വന്ന കൃഷ്ണ സങ്കൽപ്പമാണ് ഇവിടുത്തേത്.
പുലർച്ചെ രണ്ട് മണിയോടെയാണ് ഇവിടെ ക്ഷേത്രം തുറക്കുക. അതിനൊരു കാരണമുണ്ട്. കംസവധത്തിന് ശേഷം അതിയായ വിശപ്പും, ക്രോധവുമായി വന്ന കൃഷ്ണന് അമ്മ ഉഷപായസം നൽകിയാണ് വിശപ്പ് ശമിപ്പിച്ചത്. വിശപ്പും സഹിക്കാനാവാത്ത കൃഷ്ണ സങ്കൽപ്പമായതുകൊണ്ടാണ് ഇവിടെ നേരത്തെ നട തുറക്കുന്നത്. ഒരിക്കൽ സൂര്യഗ്രഹത്തിന് നട വൈകി തുറന്ന് പൂജാരി നോക്കിയപ്പോൾ കണ്ണന്റെ കിങ്ങിണി അഴിഞ്ഞു താഴെ കിടക്കുന്നതാണ് കണ്ടത്. ഈ സമയം അതുവഴിവന്ന വില്വമംഗലം സ്വാമിയാരാണ് കൃഷ്ണന് അതിയായി വിശന്നിരിക്കുകയായിരുന്നു, അതുകൊണ്ടാണ് കിങ്ങിണി താഴെ വീണുപോയത് എന്നു പറഞ്ഞത്. അതിന് ശേഷം സൂര്യഗ്രഹണത്തിന് പോലും ക്ഷേത്രത്തിലെ നട അടച്ചിടാറില്ല.
തിരുവാർപ്പ് ക്ഷേത്രത്തിൽ മാത്രം കാണുന്ന പ്രത്യേകതയാണ് പൂജാരിയുടെ കൈയിൽ ഗോപുരവാതിലിന്റെ താക്കോലിനൊപ്പം മഴുവും. ഈ മഴു എപ്പോഴും ക്ഷേത്രത്തിലെ ഗോപുര വാതിലിൽ സൂക്ഷിച്ചിട്ടുണ്ട്. ഏതെങ്കിലും സാഹചര്യത്തിൽ താക്കോൽ കൊണ്ട് വതിൽ തുറക്കാൻ സാധിച്ചില്ലെങ്കിൽ കോടാലികൊണ്ട് വെട്ടിപ്പൊളിച്ച് ആണെങ്കിലും ഭഗവാന് നിവേദ്യം നൽകണം എന്നാണ് വിശ്വാസം. രാവിലെ നട തുറന്ന ശേഷം പൂജാരി അഭിഷേകം ചെയ്ത ശേഷം കണ്ണന്റെ തല മാത്രം തുവർത്തി നിവേദ്യം നൽകും. ഇതിന് ശേഷം മാത്രമാണ് വിഗ്രഹത്തിന്റെ ശരീരം പോലും തുവർത്തുക.
മഹാഭാരത കഥയുമായി ബന്ധമുള്ളതാണ് തിരുവാർപ്പ് ക്ഷേത്രത്തിലെ ഐതിഹ്യം. പഞ്ചപാണ്ഡവരുടെ വനവാസക്കാലത്ത് ഭഗവാൻ മഹാവിഷ്ണു അവർക്ക് പൂജിക്കാനായി നൽകിയതാണ് തിരുവാർപ്പിലെ വിഗ്രഹം. വനവാസം അവസാനിച്ചതോടെ, ഈ വിഗ്രഹം അവർ പാഞ്ചാലിയ്ക്ക് കൃഷ്ണൻ നൽകിയ അക്ഷയ പാത്രത്തിൽ വച്ച് നദിയിൽ ഒഴുക്കി. പുഴയിൽ മീൻ പിടിക്കാനായി വന്ന മുക്കൂവർക്ക് ഈ വിഗ്രഹം ലഭിക്കുകയും അവർ ഗ്രാമത്തിൽ കൊണ്ട് ചെന്ന് ആരാധിക്കുകയും ചെയ്തു. എന്നാൽ, ഗ്രാമത്തിൽ അഗ്നിബാധയുണ്ടായപ്പോൾ ഗ്രാമവാസികൾ ഈ വിഗ്രഹം ഒരു വാർപ്പിൽ വച്ച് നദിയിലേയ്ക്ക് ഒഴിക്കി വിട്ടു.
നദിയിലൂടെ വഞ്ചിയിലൂടെ വരികയായിരുന്ന വില്വമംഗലം സ്വാമിയാർക്ക് പിന്നീട് ഈ വിഗ്രഹം ലഭിക്കുകയായിരുന്നു. തുടർന്ന് വാർപ്പിലുള്ള ഭഗവാനെ അദ്ദേഹം തിരുവാർപ്പിൽ പ്രതിഷ്ഠിക്കുകയും ചെയ്യുകയായിരുന്നു.
Discussion about this post