ന്യൂഡൽഹി : പുതിയ പണവായ്പ നയപ്രഖ്യപനവുമായി റിസർവ് ബാങ്ക്. പലിശ നിരക്കിൽ മാറ്റമില്ലാതെ തുടരുന്നതാണ് പുതിയ പ്രഖ്യാപനം. റിസർവ് ബാങ്ക് ,ബാങ്കുകൾക്ക് നൽകുന്ന വായ്പയുടെ പലിശയായ റിപ്പോനിരക്ക് 6.5 ശതമാനമായി തുടരും. തുടർച്ചയായ ഒൻപതാം തവണയാണ് പലിശ നിരക്ക് മാറ്റമില്ലാതെ തുടരുന്നത് .
ധന നയ യോഗത്തിന് ശേഷം റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസാണ് റിപ്പോ നിരക്ക് മാറ്റമില്ലാതെ തുടരുമെന്ന് അറിയിച്ചത്. ആറിൽ നാല് അംഗങ്ങളും പുതിയ നിരക്ക് നയത്തെ അനുകൂലിച്ച് വോട്ട് ചെയ്തതോടെയാണ് തീരുമാനം ആയത്.
മാറ്റമില്ലാത്ത റിപ്പോ നിരക്ക് അർത്ഥമാക്കുന്നത് വായ്പാ പലിശ നിരക്കുകളും മാറ്റമില്ലാതെ തുടരാനാണ് സാധ്യത എന്നതാണ്. ഇഎംഐ , വാഹന ഭവന വായ്പ എടുക്കുന്നവർക്കെല്ലാം ഈ വാർത്ത ആശ്വാസമായിരിക്കുകയാണ്.
ഇന്ത്യ മികച്ച വളർച്ച തുടരുകയാണെന്നും പുതിയ വെല്ലുവിളികളെ കരുതിയിരിക്കണമെന്നും ശക്തികാന്ത ദാസ് പറഞ്ഞു.
നാണയപ്പെരുപ്പ ഭീഷണി പൂർണമായും ഒഴിവാകാത്തതിനാൽ വിപണിയിലെ പണലഭ്യത ഉയർത്തുന്ന യാതൊരു നടപടികൾക്കും റിസർവ് ബാങ്ക് തയാറാവില്ലെന്ന സൂചനകൾ നേരത്തെ തന്നെ ധനകാര്യ വിദഗ്ധർ നൽകിയിരുന്നു. ജിഡിപി വളർച്ചാ നിരക്കും നാണയപ്പെരുപ്പവും വ്യാവസായിക ഉത്പാദന സൂചികയിലെ മാറ്റങ്ങളും കണക്കിലെടുത്ത് ഡിസംബറിന് ശേഷം മാത്രമേ പലിശയിൽ മാറ്റം വരുത്താനിടയുള്ളു എന്നുമായിരുന്നു ധനകാര്യ വിദഗ്ധർ ചൂട്ടിക്കാട്ടിയത്.
Discussion about this post