ന്യൂഡൽഹി: പാരിസ് ഒളിമ്പിക്‌സിൽ നിന്നും ഗുസ്തി താരം വിനേഷ് ഫോഗോട്ടിനെ പുറത്താക്കിയ സംഭവത്തിൽ പ്രതികരിച്ച് മുൻ ബാഡ്മിന്റൺ താരം സൈന നെഹ്‌വാൾ. സംഭവത്തിൽ കുറ്റം വിനേഷ് തന്നെ ഏറ്റെടുക്കണമെന്ന് സൈന പറഞ്ഞു. വിനേഷ് ഫോഗോട്ടിന്റെ അയോഗ്യതയിൽ ചർച്ച കൊഴുക്കുന്നതിനിടെ ആയിരുന്നു സൈനയുടെ പ്രതികരണം.
വിനേഷ് ആദ്യമായല്ല ഒളിമ്പിക്‌സിൽ പങ്കെടുക്കുന്നത്. അനുഭവ സമ്പത്തുള്ള താരമാണ്. നിയമം തെറ്റിച്ച് മത്സരിക്കാൻ കഴിയില്ലെന്ന് താരത്തിന് അറിയാം. ശരിയേതാണ് തെറ്റേതാണ് എന്ന് തിരിച്ചറിയാൻ അവർക്ക് കഴിവുണ്ട്. എനിക്ക് ഗുസ്തിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയില്ല. വിനേഷിന് എവിടെയാണ് പിഴച്ചത് എന്ന് അറിയില്ല. സാധാരണ ഗതിയിൽ ഇത്തരത്തിൽ അബദ്ധം സംഭവിക്കുന്ന കായിക താരം അല്ല വിനേഷ് ഫോഗോട്ട്.
ഗുസ്തിയിൽ നൂറ് ശതമാനം കഠിനാധ്വാനം നൽകുന്ന താരമാണ് വിനേഷ്. അതുകൊണ്ട് തന്നെ ഇത്തരത്തിലൊരു പിഴവ് എങ്ങിനെ ഉണ്ടായി എന്ന് അറിയില്ല. വലിയൊരു ടീമാണ് വിനേഷിനൊപ്പം ഉള്ളത്. പരിശീലകരും ഫിസിഷ്യന്മാരും ഇവർക്കായി ഉണ്ട്. എന്നിട്ടും എന്താണ് സംഭവിച്ചത് എന്നും സൈന ചോദിച്ചു.
പാരിസ് ഒളിമ്പിക്‌സിൽ നിന്നും വിനേഷിനെ പുറത്താക്കിയതിൽ തനിക്കും അതിയായ സങ്കടം ഉണ്ട്. എന്നാൽ ഇവിടെ മനസിലാക്കേണ്ട കാര്യം ഇത് അവരുടെ ആദ്യത്തെ ഒളിമ്പിക്‌സ് അല്ല എന്നതാണ്. ഒളിമ്പിക്‌സിൽ അമിത ഭാരത്തെ തുടർന്ന് ആരെയും പുറത്താക്കിയതായി ഇതുവരെ കേട്ടിട്ടില്ല. കായികതാരം എന്ന നിലയിൽ നിയമങ്ങൾ പാലിക്കാൻ വിനേഷും ബാദ്ധ്യസ്ഥയാണ്. വിനേഷിന്റെ ഭാഗത്തും തെറ്റ് സംഭവിച്ചിട്ടുണ്ട്. അത് വിസ്മരിക്കാൻ കഴിയില്ല. വലിയ മത്സരത്തിൽ തെറ്റ് സംഭവിക്കാൻ പാടില്ല. അതിനാൽ കുറ്റം വിനേഷ് ഏറ്റെടുക്കണം.
ഏഷ്യൻ കോമൺവെൽത്ത് ഗെയിംസ് ചാമ്പ്യനാണ് വിനേഷ്. ഒളിമ്പിക്‌സ് പോലെ വലിയ മത്സരങ്ങൾക്കായി ഇറങ്ങുന്ന കായിക താരങ്ങൾ കരുതലോടെയിരിക്കണം. മെഡൽ നഷ്ടപ്പെട്ടതിൽ രാജ്യം നിരാശയിലാണ്. എനിക്കും നിരാശയുണ്ടെന്നും സൈന പറഞ്ഞു.
Discussion about this post