നീണ്ട ഇടവേളയ്ക്ക് ശേഷം വിക്ഷേപണ ദൗത്യം പ്രഖ്യാപിച്ച് ഐഎസ്ആർഒ. സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15ന് ചിലവ് കുറഞ്ഞ സ്‌മോൾ റോക്കറ്റ് ഐഎസ്ആർഒ വിക്ഷേപിക്കും. ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ (എസ്ഡിഎസ്സി) നിന്നാണ് വിക്ഷേപണം.
എസ്എസ്എൽവി ഡി3 വിക്ഷേപണ വാഹനത്തിൽ ഇഒഎസ് 08 ഉപഗ്രഹം ബഹിരാകാശത്തേക്ക് അയക്കുന്നതാണ് ദൗത്യം.
ദൗത്യം വിജയിച്ചാൽ എസ്എസ്എൽവിയെന്ന ഇന്ത്യയുടെ എറ്റവും ചെറിയ വിക്ഷേപണ വാഹനത്തിന്റെ അവസാനത്തെ പരീക്ഷണ വിക്ഷേപണമാകും ഇഒഐആർ. ആഗസ്റ്റ് 15 ന് ഇന്ത്യൻ സമയം രാവിലെ 09.17നാണ് വിക്ഷേപണം നിശ്ചയിച്ചിരിക്കുന്നത്. ഭൗമ നിരീക്ഷണത്തിനുള്ള ചെറു ഉപഗ്രഹമാണ് ഇഒഎസ് 08.
EOS-08 രൂപകൽപ്പന ചെയ്തിരിക്കുന്നത് പരിസ്ഥിതി നിരീക്ഷണം, ദുരന്തനിവാരണം, ഗഗൻയാൻ ദൗത്യത്തിനുള്ള പിന്തുണ എന്നിവ മെച്ചപ്പെടുത്തുന്നതിനാണ്. ഉപഗ്രഹത്തിന് ഏകദേശം 175.5 കിലോഗ്രാം ഭാരമുണ്ട്, ഏകദേശം 420 W വൈദ്യുതി ഉത്പാദിപ്പിക്കുന്നു. കൂടാതെ ഒരു വർഷത്തെ ദൗത്യ ആയുസ്സുമുണ്ട് .
ഉപഗ്രഹം മൂന്ന് പ്രാഥമിക പേലോഡുകൾ വഹിക്കുന്നു. ഇലക്ട്രോ ഒപ്റ്റിക്കൽ ഇൻഫ്രാറെഡ് (ഇഒഐആർ), ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം-റിഫ്ലെക്റ്റോമെട്രി (ജിഎൻഎസ്എസ്-ആർ), സിക് യുവി ഡോസിമീറ്റർ എന്നിവയാണവ.
ഉപഗ്രഹാധിഷ്ഠിത നിരീക്ഷണം, ദുരന്ത നിരീക്ഷണം, പരിസ്ഥിതി നിരീക്ഷണം, തീപിടിത്ത നിരീക്ഷണം, അഗ്നിപർവത നിരീക്ഷണം, വ്യാവസായിക- വൈദ്യുതനിലയ ദുരന്ത നിരീക്ഷണം എന്നിവയുടെ കാര്യത്തിൽ രാപകൽ മിഡ്-വേവ് ഐആർ (എംഐആർ), ലോംഗ്-വേവ് ഐആർ (എൽഡബ്ല്യുഐആർ) ബാൻഡുകളിൽ ചിത്രങ്ങൾ പകർത്തുന്ന തരത്തിലാണ് ഇഒഐആർ പേലോഡ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. തുടർച്ചയായ വിവരശേഖരണം ഉറപ്പാക്കിക്കൊണ്ട് ഈ പേലോഡ് രാവും പകലും പ്രവർത്തിക്കും .
ജിഎൻഎസ്എസ്-ആർ അടിസ്ഥാനമാക്കിയുള്ള റിമോട്ട് സെൻസിങ് ഉപയോഗിക്കുന്നതിനുള്ള കഴിവുള്ള പേലോഡ് സമുദ്രോപരിതലത്തിന്റെ കാറ്റിന്റെ വിശകലനം, മണ്ണിന്റെ ഈർപ്പം വിലയിരുത്തൽ, ഹിമാലയൻ മേഖലയിലെ ക്രയോസ്ഫിയർ പഠനം, വെള്ളപ്പൊക്കം കണ്ടെത്തൽ, ഉൾനാടൻ ജലാശയങ്ങൾ നിരീക്ഷിക്കൽ തുടങ്ങിയവയ്ക്കുവേണ്ടിയുള്ളതാണ്.
Discussion about this post