ന്യൂഡൽഹി: ചെക്ക് ക്ലിയറൻസ് ഇനി അതിവേഗത്തിൽ. ക്ലിയറൻസുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ ആർബിഐ ( റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ) ബാങ്കുകൾക്ക് നിർദ്ദേശം നൽകി. എംപിസിസിയുടെ യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട് നിർദ്ദേശം നൽകിയത്.
ആർബിഐ ഗവർണർ ശക്തികാന്ത ദാസാണ് ഇക്കാര്യം അറിയിച്ചത്. ഇനി മുതൽ ചെക്കിന്റെ ക്ലിയറൻസ് നടപടികൾക്കായി മണിക്കൂറുകൾ മാത്രമേ എടുക്കാവൂ എന്നാണ് നിർദ്ദേശം. സാധാരണയായി ചെക്ക് ക്ലിയറൻസുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ രണ്ട് ദിവസം എടുത്താണ് പൂർത്തിയാക്കുക. ഇതിലൂടെ ഇടപാടുകാർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടാണ് ഒഴിവായി കിട്ടുക. ഇതുമായി ബന്ധപ്പെട്ട മാർഗ നിർദ്ദേശങ്ങൾ ആർബിഐ ഉടൻ പുറത്തിറക്കും.
ബാങ്ക് മുഖേന ചെക്ക് പ്രോസസ്സ് ചെയ്യുന്നതിനു പകരം ഇലക്ട്രോണിക് രീതിയിൽ ചെക്കുകൾ ക്ലിയർ ചെയ്യുന്ന ഒരു പ്രക്രിയയാണ് ചെക്ക് ട്രങ്കേഷൻ സിസ്റ്റം. 2021ലാണ് ഇത് നടപ്പാക്കി തുടങ്ങിയത്. നിലവിൽ ബാച്ചുകളായാണ് ചെക്ക് ക്ലിയറൻസിന് പോകുന്നത്. ഇതാണ് ക്ലിയറൻസിനായി രണ്ട് ദിവസം കാത്തിരിക്കേണ്ട അവസ്ഥയുണ്ടാക്കുന്നത്. ചെക്കുകൾ സ്‌കാൻ ചെയ്ത് ക്ലിയർ ചെയ്യുകയാണ് ഇനി മുതൽ ചെയ്യുക.
ചെക്ക് ക്ലിയറൻസിനായി ദിവസങ്ങളോളം കാത്തിരിക്കുന്നതിൽ ഉപഭോക്താക്കളിൽ നിന്നും വ്യാപക പരാതി ഉയർന്നിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി റിസർവ് ബാങ്കിന് പരാതി ലഭിക്കുന്ന സാഹചര്യവും ഉണ്ടായി. ഇതോടെയാണ് ചെക്ക് ക്ലിയറൻസുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ വേഗത്തിലാക്കാൻ ആർബിഐ നിർദ്ദേശിച്ചത്.
Discussion about this post