നമ്മുടെ വീടുകളിൽ വളർത്തുമൃഗങ്ങൾ ഉണ്ടാവാറില്ലേ.. ഒരംഗത്തെ പോലെ തന്നെയായിരിക്കും അവയും ഇഷ്ടപ്പെട്ട ഭക്ഷണം കൊടുത്ത്,കുളിപ്പിച്ച് ഒരുക്കി കൂടെ കളിച്ച് അവ നമ്മുടെ സന്തോഷത്തിന് കാരണമാകുന്നു. പട്ടി,പൂച്ച,തത്ത അങ്ങനെ പലവിധ ജന്തുക്കൾ നമ്മുടെ അരുമകളാവുന്നു. എന്നാൽ അപകടകാരിയായ ജീവിയെ അരുമയാക്കിയ പ്രിയതമ ജീവൻ തന്നെ നഷ്ടപ്പെടുത്തിയെന്ന ദാരുണമായ അനുഭവ കഥയാണ് ചർച്ചയാവുന്നത്. അമേരിക്കയിലാണ് സംഭവം. അമാൻഡ റൂത്ത് ബ്ലാക്ക് എന്ന 25 വയസ്സുകാരിയാണ് തൻറെ വളർത്ത് പെരുമ്പാമ്പിൻറെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
നാവികസേനാ ഉദ്യോഗസ്ഥനായ അമൻഡയുടെ ഭർത്താവ് ജോലി കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയപ്പോളാണ് ഭാര്യയെ മരിച്ച് കിടക്കുന്നതായി കണ്ടെത്തിയത് ഈ സമയം മുറിയിൽ വളർത്തു പാമ്പ് ഇഴഞ്ഞ് നടക്കുകയായിരുന്നെന്നും റിപ്പോർട്ടുകൾ പറയുന്നു. ഉടനെ തന്നെ അമൻഡയെ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനകം അവർ മരിച്ചിരുന്നു.
പെറ്റ് സ്റ്റോറിൽ ജോലി ചെയ്ത് പരിചയമുള്ള അമാൻഡ റൂത്ത് ബ്ലാക്കിന് പാമ്പുകളെ കുറിച്ചും അത്യാവശ്യം ധാരണയുള്ളയാളായിരുന്നു. യുഎസിലെ വിർജീനിയ ബീച്ചിലെ താമസക്കാരിയായ അമാൻഡ റൂത്ത് തന്റെ വീട്ടിൽ ഡയാബ്ലോ എന്ന് പേരുള്ള ഒരു പെരുമ്പാമ്പിനെയടക്കം നിരവധി പാമ്പുകളെ വളർത്തിയിരുന്നു. ഏതാണ്ട് 13 അടിയോളം വലിപ്പമുള്ള പെരുമ്പാമ്പാണ് ഡയാബ്ലോ.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ശ്വാസം മുട്ടിയാണ് മരണമെന്ന് കണ്ടെത്തി. പെരുമ്പാമ്പ് കഴുത്തിൽ ചുറ്റിപ്പിടിച്ച പാടുകളും കഴുത്തിലുണ്ടായിരുന്നു. ഭാര്യയെ പെരുമ്പാമ്പ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്ന് അറിഞ്ഞതിന് പിന്നാലെ പെരുമ്പാമ്പിനെ കൊല്ലണമെന്ന് ഭർത്താവ് ആവശ്യപ്പെട്ടു. ഒപ്പം വീട്ടിലെ മറ്റ് എല്ലാ പാമ്പുകളെയും അദ്ദേഹം പോലീസിന് കൈമാറി.
Discussion about this post