ന്യൂഡൽഹി: വീണ്ടുമൊരു സ്വാതന്ത്ര്യ ദിനം കൂടി ആഘോഷിക്കാൻ രാജ്യം ഒരുങ്ങിക്കഴിഞ്ഞു. ഇതിന്റെ ഭാഗമായുള്ള ഒരുക്കങ്ങൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ ചെങ്കോട്ടയിൽ പുരോഗമിക്കുകയാണ്. 78ാം സ്വാതന്ത്ര്യ ദിനത്തിനാണ് രാജ്യം കാത്തിരിക്കുന്നത്. 1947 ഓഗസ്റ്റ് 15 നായിരുന്നു നമ്മുടെ ഭാരതത്തിന് സ്വാതന്ത്ര്യം ലഭിച്ചത്. ഏഴ് പതിറ്റാണ്ടുകൾ പിന്നിടുമ്പോഴും ഈ സ്വാതന്ത്ര്യം ശോഭയോടെ കാത്ത് സൂക്ഷിക്കാൻ രാജ്യത്തിന് കഴിഞ്ഞിട്ടുണ്ട്.
ചെങ്കോട്ടയിൽ പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തുന്നതോടെയാകും രാജ്യത്തിന്റെ സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്ക് തുടക്കമാകുക. ഇതിന് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്യും. കഴിഞ്ഞ ഏഴ് പതിറ്റാണ്ടായി ഈ രീതിയാണ് തുടരുന്നത്. എന്തുകൊണ്ടാണ് സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് ചെങ്കോട്ട മാത്രം വേദിയാകുന്നത്. നമുക്ക് നോക്കാം.
രാജ്യത്തിന്റെ ചരിത്രത്തിൽ ഏറെ പ്രാധാന്യമുള്ള സ്മാരകം ആണ് ചെങ്കോട്ട. മുകൾ ഭരണാധികാരിയായ ഷാജഹാൻ ഇത് ഈ കോട്ട പണികഴിപ്പിച്ചത്. എന്നാൽ ബ്രിട്ടീഷ് അധിനിവേശത്തിന് പിന്നാലെ ഇന്ത്യക്കാരെ അമർച്ചചെയ്യുന്ന കേന്ദ്രമായി ഇത് മാറി. ഇന്ത്യയിൽ എത്തിയ ബ്രിട്ടീഷ് സൈന്യം ആദ്യം ചുവടുറപ്പിച്ചത് കൊൽക്കത്തയിൽ ആയിരുന്നു. പിന്നീട് അധികാര കേന്ദ്രം ഡൽഹിയാക്കി. ബ്രിട്ടീഷ് സൈന്യവുമായി ബന്ധപ്പെട്ട പരിപാടികൾക്കെല്ലാം ചെങ്കോട്ട സാക്ഷിയാക്കി. ചെങ്കോട്ടയുടെ ഭാഗങ്ങൾ പൊളിച്ച് നീക്കി ബ്രിട്ടീഷ് മാതൃകയിലുള്ള നിർമ്മിതികൾ ഉണ്ടാക്കി. ഇത്തരത്തിൽ ബ്രിട്ടീഷുകാരുടെ ആധിപത്യത്തിന്റെ പ്രതിരൂപമായി ചെങ്കോട്ട മാറി. ഇത് തന്നെയായിരുന്നു ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ ആദ്യ ദിനം ഇവിടെ ആഘോഷമാക്കാനുള്ള തീരുമാനത്തിലേക്ക് നേതാക്കളെ നയിച്ചത്. ഇതിലൂടെ ഇന്ത്യയുടെ ശക്തിയും ലോകത്തിന് മുൻപിൽ വിളിച്ചോതി.
1947 ൽ സ്വാതന്ത്ര്യം ലഭിച്ചതിന് പിന്നാലെ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്‌റു ആയിരുന്നു ആദ്യമായി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിയത്. ഇതിന് പിന്നാലെ ലോക രാഷ്ട്രീയ ചരിത്രത്തിൽ തന്നെ ഇടംപിടിച്ച ‘ ട്രിസ്റ്റ് വിത്ത് ഡെസ്റ്റിനി’ എന്ന പ്രസംഗവും നടത്തി. ഇന്ത്യയുടെ പരമാധികാരവും ശക്തിയും വിളിച്ചോതുന്നതായിരുന്നു ഈ സംഭവങ്ങൾ. ഇതിന് പിന്നാലെ തുടർന്നുള്ള വർഷങ്ങളും ഇത് ആവർത്തിച്ചു.
ബ്രിട്ടീഷുകാർക്കെതിരായ വികാരം മാത്രമല്ല, ചെങ്കോട്ടയുടെ സ്ഥാനവും സ്വാതന്ത്ര്യ ദിനം ഇവിടെ തന്നെ ആഘോഷിക്കാനുള്ള പ്രധാന കാരണം ആണ്. ഡൽഹി നഗരത്തിന്റെ ഹൃദയഭാഗത്താണ് ചെങ്കോട്ട. പ്രധാന റോഡുകൾ ഉൾപ്പെടെ ഈ ഭാഗത്ത് കൂടി കടന്ന് പോകുന്നു. ആഘോഷപരിപാടികളിൽ പങ്കെടുക്കാൻ വിദേശത്ത് നിന്നും എത്തുന്ന വിശിഷ്ടാതിഥികൾക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്ന സ്ഥാനം കൂടിയാണ് ചെങ്കോട്ട.
Discussion about this post