കൊച്ചി; ടെലിവിഷനിൽ ഹാസ്യതാരമായി എത്തി സിനിമയിലും സജീവമായ താരമാണ് നസീർ സക്രാന്തി.15ാം വയസ്സിലാണ് നസീർ കലാരംഗത്ത് എത്തുന്നത്. നാട്ടിലുള്ള അമ്പലങ്ങളിലെ പരിപാടികൾക്ക് അവസരം ചോദിച്ചു കൊണ്ടാണ് നസീർ തുടങ്ങിയത്. പിന്നീട് പ്രഫഷണൽ ട്രൂപ്പുകളിലേക്ക് എത്തിച്ചേരുകയായിരുന്നു. ട്രൂപ്പുകളിൽ തിളങ്ങിയതോടെ നസീറിന് ടെലിവിഷൻ ചാനലുകളിലെ കോമഡി പരിപാടികളിൽ അവസരം ലഭിച്ചുതുടങ്ങി. തട്ടീം മുട്ടീം എന്ന പരമ്പരയിലെ കമലാസനൻ എന്ന കഥാപാത്രമാണ് ശ്രദ്ധിക്കപ്പെട്ടത്. മിനി സ്‌ക്രീനിലെ മികച്ച ഹാസ്യതാരത്തിനുള്ള സംസ്ഥാന ടെലിവിഷൻ അവാർഡ് അടക്കം നിരവധി അവാർഡുകൾ നസീറിന് നേടികൊടുത്തതും കമലാസനൻ എന്ന കഥാപാത്രമാണ്.
വിദേശത്ത് ഒരു പരിപാടിയ്ക്ക് പോയപ്പോൾ ചാക്ക് നിറയെ പണം കിട്ടിയൊരു അനുഭവം പറയുകയാണ് താരമിപ്പോൾ. തന്റെ പരിപാടി ഇഷ്ടപ്പെട്ടുവെന്ന് പറഞ്ഞ് കാണികളിൽ നിന്നൊരു ആരാധകൻ പാരിതോഷികമായി തന്നതായിരുന്നു ആ പണം. എന്നാൽ അതിന് പിന്നിലെ ചതി തിരിച്ചറിഞ്ഞത് നാട്ടിലെത്തിയതിന് ശേഷമാണെത്രേ.
മസ്‌കറ്റിലെ സലാലയിൽ പരിപാടിയ്ക്ക് പോയപ്പോഴായിരുന്നു സംഭവം. അവിടെ നിന്നും ഒരു ആരാധകൻ എത്തി ഒത്തിരി ഇഷ്ടമാണെന്ന് പറഞ്ഞ് കുറേ പണം തന്നു. അവിടുത്തെ പൈസ ആയത് കൊണ്ട് എത്രയുണ്ടെന്ന് ഒന്നും അറിയില്ല. മാത്രമല്ല കൂടെ ഉണ്ടായിരുന്ന ആരോടും പറയാതെ കൈയ്യിൽ ഇറുക്കി പിടിച്ചു. റൂമിൽ വന്ന് നോക്കുമ്പോൾ ഇരുപത്തിയയ്യിരം, പതിനായിരം, തുടങ്ങി വലിയ നോട്ടുകളാണ്. അവിടുത്തെ പരിപാടിയ്ക്ക് കിട്ടിയ പണം കൊണ്ട് വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങി. ഇത്രയും കാശ് വേറെ കൈയ്യിലുണ്ടല്ലോ എന്ന് കരുതിയാണ് ഉണ്ടായിരുന്ന പൈസ കൊണ്ട് സോഫും ചീപ്പും മുട്ടായികളുമൊക്കെ വാങ്ങിയത്. മാത്രമല്ല ഈ ഷോ കഴിയുമ്പോൾ ഭാര്യയ്ക്കൊരു മാല വാങ്ങി കൊടുക്കാമെന്നും പറഞ്ഞിരുന്നു. പിറ്റേന്ന് തന്നെ ഭാര്യയെ കൂട്ടി അത് വാങ്ങാൻ പോകാമെന്നും പറഞ്ഞുവെന്ന് താരം പറയുന്നു.
നാട്ടിലെത്തി സ്ഥിരമായി മണി എക്‌സേഞ്ചിന് സഹായിക്കുന്ന ആളെ വിളിച്ച് വീട്ടിലേക്ക് വരാനും ഒത്തിരി പണം മാറ്റാനുണ്ടെന്നും പറഞ്ഞു. വീട്ടിലേക്ക് വരുന്ന അതിഥിക്കായി മട്ടൺ ബിരിയാണിയും തയ്യാറാക്കി കാത്തുവച്ചു. പൈസ താൻ കൂട്ടിനോക്കിയപ്പോൾ ഒന്നര രണ്ട് ലക്ഷം രൂപ, പക്ഷേ അവർ കൂട്ടിനോക്കിയിട്ട് പറഞ്ഞു. ഇത് തൊള്ളായിരത്തി പതിനഞ്ച് രൂപയെ ഉള്ളൂവെന്ന്. സത്യത്തിൽ എനിക്ക് കിട്ടിയത് ഇറാഖിലെ പൈസ ആയിരുന്നു. അവിടെ ഒരു ചാക്ക് പൈസയുമായി ചെന്നാൽ ഒരു സഞ്ചി സാധനമേ കിട്ടുകയുള്ളു. അത്രയും വാല്യൂ ഉള്ള പൈസയാണ്. എനിക്കിത് അറിയില്ലായിരുന്നു. അവന്റെ കൈയ്യിൽ ഒരു ശല്യം പോലെ ഉണ്ടായിരുന്നത് എന്റെ തലയിൽ കെട്ടി ഏൽപ്പിച്ചതാണെന്ന് താരം പറയുന്നു. ഒരു ചാനൽ പരിപാടിയ്ക്കിടെയാണ് താരം ഈ രസകരമായ കഥ വെളിപ്പെടുത്തിയത്.













Discussion about this post